Monday, March 21, 2016

അലിഗഡ്




യഥാര്‍ത്ഥ ശ്രീനിവാസ് രാമചന്ദ്ര സിറസുമായി ഹന്‍സല്‍ മേത്തയുടെ സിറസിന് രൂപപരമായി സാദൃശ്യം ഒന്നുമില്ലെങ്കിലും സിറസ് എന്ന ഹന്‍സല്‍ മേത്തയുടെ കഥാപാത്രത്തിന്‍റെ ആത്മാവില്‍ തൊടാന്‍ മനോജ് ബാജ്പേയിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് വേണം കരുതാന്‍....ഹന്‍സല്‍ മേത്ത പറഞ്ഞത് പോലെ സ്വവര്‍ഗ പ്രണയത്തെയും അതിന്‍റെ മാനസിക സംഘര്‍ഷങ്ങളെയും പ്രശ്നവത്കരിക്കുകയോ അതില്‍ കേന്ദ്രീകരിക്കുകയോ ചെയ്യുന്ന ഒരു ചിത്രമല്ല അലിഗഡ്. മറിച്ച് അതിലെല്ലാം ഉപരിയായി ഹോമോ സെക്ഷ്വലോ ഹെട്ടറോ സെക്ഷ്വലോ ആയ, ലൈംഗിക ന്യൂനപക്ഷത്തിലോ ഭൂരിപക്ഷത്തിലോ പെടുന്ന എല്ലാവര്‍ക്കും ഒരു പോലെ അവകാശപ്പെട്ട സ്വകാര്യതയെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും ഉള്ള ഒരു ചിത്രമാണ്. ഒട്ടും സങ്കീര്‍ണമല്ലാത്ത ഒന്ന്....ലൈംഗിക ഭൂരിപക്ഷത്തില്‍ പെട്ട ആളുകളെ പോലെ തന്നെ ലേബലുകള്‍ ഇല്ലാതെ സാധാരണ ജീവിതം നയിക്കാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അയാള്‍ നിരന്തരം പുറന്തള്ളപ്പെടുന്നു. 

തന്‍റെ പുറത്താക്കപ്പെടലുകളെ വളരെ ലളിതമായാണ് സിറസ് അവതരിപ്പിക്കുന്നത്: "ഞാന്‍ പുറത്തുള്ളയാളാണ്. വിവാഹിതരായ ആളുകള്‍ക്കിടയില്‍ ഒറ്റക്ക് ജീവിക്കുന്നു, ഉറുദു സംസാരിക്കുന്ന സമൂഹത്തില്‍ മറാത്തി പഠിപ്പിക്കുന്നു"....തന്‍റെ ഏകാന്തതയേയും കാവ്യാത്മകമായി തന്നെ അയാള്‍ സമീപിക്കുന്നു: "വാക്കുകള്‍ക്കിടയിലെ നിശബ്ദതയിലാണ് കവിത, അതിന്‍റെ അര്‍ഥം ഓരോരുത്തരുടെയും പ്രായത്തിനെയും സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കും"....കളക്ടീവ് കോണ്‍ഷ്യന്‍സ്, സമൂഹ മനസാക്ഷി, ചിലപ്പോള്‍ പൊതുബോധം എന്നൊക്കെ തരാതരം പോലെ വിളിക്കപ്പെടുന്ന പലപ്പോഴും മനുഷ്യത്വ വിരുദ്ധമായി തന്നെ പ്രവര്‍ത്തിക്കുന്ന സാധനം ഒരു മനുഷ്യനെ എങ്ങനെയാണ് വളരെ നിസാരമായി അയാള്‍ക്ക് അവകാശപ്പെട്ട സാധാരണ ജീവിതത്തില്‍ നിന്ന് അന്യവത്കരിക്കുന്നത് എന്നതിന്‍റെ സാക്ഷ്യപ്പെടുത്തല്‍....

ലൈറ്റ് തീഫ്



2010ലെ ഐ എഫ് എഫ് കെ യിലാണ് കിര്‍ഗിസ്ഥാനില്‍ നിന്നുള്ള ലൈറ്റ് തീഫ് അഥവാ സ്വെറ്റ് എക് എന്ന സിനിമ കാണുന്നത്. വീണ്ടും ലൈറ്റ് തീഫ് കണ്ടു. സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന കിര്‍ഗിസ്ഥാനിലെ ഒരു ഗ്രാമം. സോവിയറ്റ് യൂണിയന്‍റെ പതനത്തിന് ശേഷം തൊഴിലില്ലായ്മ രൂക്ഷമാവുകയും അരക്ഷിതാവസ്ഥയിലേക്ക് എത്തുകയും ചെയ്ത പുതിയ റിപ്പബ്ലിക്കുകളില്‍ ഒന്നാണ് കിര്‍ഗിസ്ഥാന്‍. കിര്‍ഗിസ്ഥാനില്‍ ബഹുഭൂരിപക്ഷത്തിനും വൈദ്യുതി കിട്ടാക്കനിയായ ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് കഥ. ഗ്രാമത്തിലെ യുവാക്കളില്‍ ഭൂരിപക്ഷവും  തൊഴില്‍ തേടി റഷ്യയിലേക്കും കസാഖിസ്ഥാനിലേക്കും കുടിയേറിയിട്ടുണ്ട്. കേന്ദ്ര കഥാപാത്രമായ സ്വെറ്റ് എക് ഗ്രാമത്തിലെ ഇലക്‌ട്രീഷ്യനും ലൈന്‍മാനുമൊക്കെയാണ്. അതിനപ്പുറം ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒരാളാണ് സ്വെറ്റ് എക്. വെളിച്ചം നിഷേധിക്കപ്പെടുന്നവര്‍ക്ക് അത് മോഷ്ടിച്ചു നല്‍കുന്ന കള്ളന്‍കൂടിയാണ് അയാള്‍. ദൈവങ്ങളുടെ രഹസ്യം മനുഷ്യന് ചോര്‍ത്തി കൊടുത്ത, സ്വര്‍ഗത്തില്‍ നിന്നും അഗ്നി വീണ്ടെടുത്ത പ്രോമിത്യുസിനെ പോലെ.

ഗ്രാമത്തിലെ 'വികസന' സാധ്യതകള്‍ മനസിലാക്കിയാണ് രാഷ്ട്രീയ, അധികാര കേന്ദ്രങ്ങളില്‍ ശക്തമായ സ്വാധീനമുള്ള ബാസ്കാറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍. അയാളുടെ കയ്യേറ്റ താല്‍പര്യങ്ങളെ കുറിച്ചു ബോധ്യമുള്ള, എന്നാല്‍ നിസഹായരായ മേയര്‍ എസേനും മറ്റു അധികൃതരും അവിടെയുണ്ട്. വലിയ വില കൊടുത്ത് വൈദ്യുതി വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ മീറ്ററുകളില്‍ കൃത്രിമം കാണിക്കുന്നത് പോലുള്ള ചെറിയ ക്രമക്കേടുകള്‍ കാണിക്കുന്നയാളാണ് സ്വെറ്റ് എക്. ഇത് അധികൃതരുടെ ഭാഗത്ത് നിന്നും പലപ്പോഴും നടപടികള്‍ ക്ഷണിച്ചു വരുത്തുന്നു. ഇങ്ങനെയാണെങ്കിലും മേയര്‍ എസെന് സ്വെറ്റ് എകിന്‍റെ ഉദ്ദേശ ശുദ്ധിയെകുറിച്ച് ബോധ്യമുണ്ട്. ഗ്രാമത്തിന്‍റെ വികസന പ്രശ്നങ്ങളെ കുറിച്ചും അത് മുതലെടുത്ത്‌ റിയല്‍ എസ്റ്റേറ്റ്, അഴിമതി താല്‍പര്യങ്ങളുമായി എത്തുന്ന രാഷ്ട്രീയ സ്വാധീനമുള്ളവരെക്കുറിച്ചും ബോധ്യമുണ്ട്. ഗ്രാമത്തിന്‍റെ സാമൂഹ്യ ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകങ്ങളില്‍ ഒന്നാണ് സ്വെറ്റ് എക്. വൈദ്യുതി വില താങ്ങാന്‍ കഴിയാത്ത വളരെ പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്ക് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കുകയാണ് സ്വെറ്റ് എകിന്‍റെ ലക്‌ഷ്യം.  അങ്ങനെ ഗ്രാമത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കുക. എന്നാല്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിന്‍റെ പേരില്‍ ഒരു വന്‍കിട ചൈനീസ് കമ്പനിക്ക് ഭൂമി തീറെഴുതാന്‍ ശ്രമിക്കുന്ന വലിയ അഴിമതിക്കാരനായ ബെസ്കാറ്റിനുള്ളത് അയാളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ മാത്രമാണ്. മേയര്‍ എസെനിന്‍റെ മരണം എതിര്‍പ്പുകളുടെ ശക്തി കുറയ്ക്കുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നു. സ്വെറ്റ് എകിന്‍റെ സുഹൃത്തായ മന്‍സൂറിനെ പുതിയ മേയറായി നിര്‍ദ്ദേശിക്കുന്നതിലൂടെ തന്‍റെ കച്ചവട, അഴിമതി താല്പര്യങ്ങള്‍ എളുപ്പമാകുമെന്ന്‍ അയാള്‍ കരുതുന്നു.  സ്വെറ്റ് എകിനെ തങ്ങളുടെ അഴിമതി താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്താന്‍ ബാസ്കാറ്റ് ശ്രമിക്കുന്നുണ്ടെങ്കിലും സ്വെറ്റ് എക് വഴങ്ങുന്നില്ല. ഭൂമിയെയും മനുഷ്യരെയും വില്‍പ്പന വസ്തുക്കളായി കാണുന്ന കാഴ്ച അയാള്‍ക്കില്ല.

കോര്‍പ്പറേറ്റ്, വികസന മാഫിയകളുടെ അധിനിവേശം കുതിരയോട്ടത്തിന്‍റെ രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു. സംഭാഷണങ്ങള്‍ കൊണ്ടുള്ള അമിത വിശദീകരണമല്ല, മറിച്ച് ദൃശ്യങ്ങളാണ് ഒരു നല്ല സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നതെന്നും അതിന് സഹായകമായ പശ്ചാത്തല സംഗീതവും ശബ്ദലേഖനവുമാണ് സിനിമയുടെ ആവശ്യമെന്നും ലൈറ്റ് തീഫ് വ്യക്തമാക്കുന്നു. ബാസ്കാറ്റിന്‍റെ വികസന മാഫിയ ഉയര്‍ത്തുന്ന ഭീഷണികള്‍ക്കിടയിലും സ്വെറ്റ് എകിന്‍റെ ചെറു കാറ്റാടി ഒരു വൈദ്യുത ബള്‍ബ് കത്തിക്കുന്നുണ്ട്. അതിജീവനത്തിന്‍റെ, പുതിയ പോരാട്ടങ്ങളുടെ സൈക്കിള്‍ ചവിട്ടി സ്വെറ്റ് എക് മുന്നോട്ട് പോവുകയാണ്. സംവിധായകന്‍ അക്ടന്‍ അരിം കുബാത് തന്നെയാണ് കേന്ദ്ര കഥാപാത്രമായ സ്വെറ്റ് എക് എന്ന ലൈറ്റ് തീഫാകുന്നത്.....

നൂറു സിംഹാസനങ്ങള്‍



പൊതുവേ ഫിക്ഷന്‍ വായനയും നോവല്‍ വായനയും വളരെ കുറവാണ്. മാത്രമല്ല എത്ര ചെറിയ പുസ്തകമാണെങ്കിലും കുറഞ്ഞത്‌ രണ്ട് ദിവസമെങ്കിലും എടുത്ത് വായിച്ചു തീര്‍ത്ത പതിവേ ഉണ്ടായിട്ടുള്ളൂ. അത് ഫിക്ഷന്‍ ആയാലും നോണ്‍ ഫിക്ഷന്‍ ആയാലും ശരി. ഇത് പക്ഷെ ഒറ്റയിരിപ്പിന് തീര്‍ന്നു. കഴിഞ്ഞ ദിവസം ഒരു ട്രെയിന്‍ യാത്രക്കിടെ. ഷൊര്‍ണൂരില്‍ നിന്ന് തുടങ്ങിയ വായന രണ്ട് മണിക്കൂര്‍ പിന്നിട്ട് ആലുവയില്‍ എത്തുമ്പോഴേക്കും പുസ്തകം തീര്‍ന്നു. ജയമോഹന്‍റെ 'നൂറ് സിംഹാസനങ്ങള്‍'....സമീപ കാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയ മികച്ച നോവലുകളില്‍ ഒന്നാണിതെന്ന്‍ നിസംശയം പറയാം. സമാനതകളില്ലാത്തൊരു  വായനാനുഭവം തന്നെയാണ് നൂറു സിംഹാസനങ്ങള്‍. ഉള്ളു പൊള്ളിക്കുന്ന വായനാനുഭവം. വായിച്ചു തുടങ്ങി ഒരിക്കല്‍ പോലും പുസ്തകം മടക്കി വക്കണമെന്നോ പിന്നീട് വായിച്ചു തീര്‍ക്കാമെന്നോ തോന്നിയില്ല. സാധാരണ എത്ര ഇഷ്ടപ്പെട്ട പുസ്തകമാണെങ്കിലും വളരെയധികം സമയമെടുത്ത് വായിച്ചു തീര്‍ക്കുന്നതാണ് പതിവ്. മാസങ്ങള്‍ കഴിഞ്ഞു ബാക്കി വായിക്കുമ്പോള്‍ പോലും ഒരു പുസ്തകത്തിന്‍റെയും തുടര്‍ച്ച നഷ്ടപ്പെടുന്നതായി തോന്നിയിട്ടില്ല. വായിച്ചു നിര്‍ത്തിയ പേജില്‍ കടലാസുകള്‍ വക്കാറുമില്ല. പക്ഷെ ഈ നോവല്‍ അങ്ങനെ മാറ്റി വക്കണം എന്ന് തോന്നിയില്ല. കല്‍പ്പറ്റ നാരായണന്‍റെ മനോഹരമായ അവതാരിക പിന്നിട്ട് നോവലിലേക്ക് കടക്കുന്നത്‌ മുതല്‍ കഥ പറയുന്ന 'ഞാന്‍' എന്ന ധര്‍മപാലനും നായാടിയായ അയാളുടെ അമ്മയും നിങ്ങളെ വേട്ടയാടും....

ഇന്ത്യന്‍ സാമൂഹ്യ ശരീരത്തില്‍ നൂറ്റാണ്ടുകളായി വേരുറപ്പിച്ചിട്ടുള്ളതും ഇന്ത്യന്‍ വര്‍ഗസമര പാതയിലെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നുമാണ് ജാതി.  ഭൂരിഭാഗം ഇന്ത്യക്കാരുടേയും  മാനസിക ഘടനയുടെ കൂടി ഭാഗമായ ജാതി എങ്ങനെയാണ് സാമ്പത്തിക നിലവാരത്തിനും ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ക്കും ഔദ്യോഗിക പദവികള്‍ക്കും അപ്പുറം അവര്‍ണരുടെ അസ്തിത്വത്തെയും വര്‍ഗ ബന്ധങ്ങളെയും നിര്‍ണയിക്കുകയും അവരുടെ സാമൂഹ്യ ജീവിതത്തെ കാര്‍ന്നു തിന്നുകയും ചെയ്യുന്നത് എന്നത് ഏറ്റവും ഹൃദ്യമായി വരച്ചു കാട്ടുകയാണ് ജയമോഹന്‍. "അഴുക്കുകള്‍ കഴുകി കഴുകി ചര്‍മ്മമായി മാറിയിരിക്കുന്നു. വെള്ളം കൊണ്ട് കഴുകി കഴുകി ഞാന്‍ എന്നെ വീണ്ടെടുക്കുന്നു"....തന്‍റെ സാമൂഹ്യാസ്ഥിത്വം പുനര്‍ നിര്‍ണയിക്കാനുള്ള സിംഹാസനങ്ങള്‍ക്ക് വേണ്ടിയുള്ള സംഘര്‍ഷവും അതില്‍ പുറകോട്ടടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടാക്കുന്ന വേദനയും ധര്‍മപാലനെ വേട്ടയാടുന്നു. സംവേദന ശേഷി കൂടും തോറും അയാളുടെ ഭയവും ഏകാന്തതയും അയാള്‍ അനുഭവിക്കുന്ന അപമാനവും അന്യവത്കരണവും കൂടുതല്‍ പ്രകടവും തീവ്രവുമാകുന്നു. അംബേദ്കര്‍ മുതല്‍ ധര്‍മപാലന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ വരെയുള്ള മനുഷ്യരുടെയും വൈകാരികാഘാതം തീര്‍ക്കുന്ന തീഷ്ണമായ അനുഭവങ്ങളും നൂറ്റാണ്ടുകളായി ചവുട്ടിയരക്കപ്പെടുന്ന അധസ്ഥിത ജനതയുടെ ആഴത്തിലുള്ള മുറിവുകളും തന്നെയാണ് നൂറു സിംഹാസനങ്ങള്‍. സിംഹാസനങ്ങളെ ഭയപ്പെടുന്ന തന്‍റെ അമ്മയുടെ നൂറ്റാണ്ടുകള്‍ പിന്നിട്ട വിശപ്പും ഭയവും മാറാന്‍ ഇനിയും നൂറു സിംഹാസനങ്ങള്‍ വേണമെന്ന് ധര്‍മപാലന്‍ തിരിച്ചറിയുന്നു. നായാടിയല്ലാതാവാന്‍ പദവിയും അധികാര സ്ഥാനവും നേടിയെങ്കിലും അധികാരമില്ലാത്തയാളായി തുടരുന്ന, നായാടിയല്ലാതാകാന്‍ സമൂഹം അനുവദിക്കാത്ത ധര്‍മപാലന്‍റെ തിരിച്ചറിവിനോടൊപ്പമാണ് നോവല്‍ പൂര്‍ത്തിയാകുന്നത്....സിവില്‍ സര്‍വീസ് ഇന്‍റര്‍വ്യൂവിന് അയാള്‍ നേരിടേണ്ടി വരുന്ന ഒരു ചോദ്യം:  "നിങ്ങള്‍ ഓഫീസറായിട്ട് പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ന്യായവും മറു ഭാഗത്ത് ഒരു നായാടിയും വന്നാല്‍ നിങ്ങള്‍ എന്ത് തീരുമാനമാണ് എടുക്കുക??" അയാളുടെ മറുപടി ഉറച്ചതാണ്: "ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ട് വശത്തും നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മത്തിന്‍റെ അടിസ്ഥാനത്തില്‍ ആ ക്ഷണത്തില്‍ തന്നെ നായാടി അനീതിക്ക് ഇരയായി കഴിഞ്ഞു. "അവന്‍ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്".....

നൂറു സിംഹാസനങ്ങള്‍ (2013)
മാതൃഭൂമി ബുക്സ്
വില : 65.00


കനസെമമ്പാ കുദുരയാനേരി (Riding the stallion of Dreams) (2010)




ശവക്കുഴി വെട്ടല്‍ തൊഴിലാക്കിയ ഇരിയ, കര്‍ഷക തൊഴിലാളിയായ ഭാര്യ രുദ്രി....ഇവരുടെ സ്വപ്നങ്ങളുമായി ബന്ധപ്പെട്ടാണ് ഗിരീഷ്‌ കാസറവള്ളിയുടെ 'കനസെമ്പാ കുദുരെയാനേരി' അഥവാ 'സ്വപ്നങ്ങളുടെ കുതിര സവാരി' വികസിക്കുന്നത്. ഇരിയയുടെ വരുമാന മാര്‍ഗം ശവക്കുഴി വെട്ടലാണ്. അത് അയാളുടെ പരമ്പരാഗത തൊഴിലാണ്. മറ്റൊരു ജോലിയും ചെയ്യാന്‍ അയാള്‍ തയ്യാറല്ല. കുറച്ചു കാലമായി ഗ്രാമത്തില്‍ മരണങ്ങള്‍ ഉണ്ടായിട്ടില്ലാത്തത് കൊണ്ട് ഇരിയയുടെ  വരുമാന മാര്‍ഗം അടഞ്ഞിരിക്കുകയാണ്. പണം ഇരന്നു വാങ്ങേണ്ട ഗതികേടിലാണ് അയാള്‍. മരണമാണ് അയാളുടെ അതിജീവനം സാധ്യമാക്കുന്നത്. പൂ കൃഷി നടത്തുന്ന ബസനപ്പ എന്ന കര്‍ഷകന്‍റെ വയലിലാണ് രുദ്രി പണിയെടുക്കുന്നത്. ജാതി, വര്‍ഗ ബന്ധങ്ങളുടെ ഏതു മാനദണ്ഡമെടുത്താലും ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരാണ് ഇരിയയും രുദ്രിയും.

താന്‍ കാണുന്ന സ്വപ്നങ്ങളുടെ സംഭവ്യതയില്‍ ഇരിയ ഉറച്ചു വിശ്വസിക്കുന്നു. കുല ദൈവമായ സിദ്ധ ഗുരു, സ്വപ്നത്തില്‍ വന്നു പറയുന്ന കാര്യങ്ങളാണ് അയാള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍. അതാണ്‌ അയാളുടെ അതീജീവനം സംബന്ധിച്ച പ്രതീക്ഷകളെ നിലനിര്‍ത്തുന്നത്. ഒരു കാലത്ത് പ്രതാപിയായ ജന്മിയായിരുന്ന വലിയ ഗൗഡ മരണാസന്നനായി കിടക്കുകയാണ്. മക്കളുടെ അഭാവത്തില്‍ കാര്യസ്ഥന്‍ മതടയ്യയാണ് അയാളെ പരിചരിക്കുന്നത്. അതുകൊണ്ട് അതിന്‍റെതായ അധികാരവും മതടയ്യക്കുണ്ട്. ഗൗഡയുടെ മകന്‍ ശിവണ്ണയും കുടുംബവും എത്തിയിട്ടുണ്ട്. അച്ഛനെ കാണാനെന്നതിലുപരി സ്ഥലം വില്‍ക്കാനാണ് അയാളെത്തുന്നത്. ഇതിനിടെ വലിയ ഗൗഡ മരിച്ചതായി ഇരിയയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്ന സിദ്ധന്‍ അറിയിക്കുന്നു. ഇത് ഇരിയയെ സന്തോഷിപ്പിക്കുന്നു. എന്നാല്‍ കുഴികുത്താനുള്ള ആയുധങ്ങളുമായി ഗൗഡയുടെ വീട്ടിലെത്തുന്ന ഇരിയക്ക് നിരാശപ്പെടേണ്ടി വരുന്നു. ഗൗഡ സുഖമായിരിക്കുന്നു എന്നാണ് മതടയ്യ, ഇരിയയെ അറിയിക്കുന്നത്. സ്വപ്നം ഫലിക്കാത്തതിലും സിദ്ധന്‍ വരാത്തതിലും ഇരിയ നിരാശനാണ്. ഗൗഡ മരിക്കുന്നു....

അതെ സമയം ശിവണ്ണക്ക് സ്ഥലത്തിന്‍റെ വില്‍പ്പനയും രജിസ്ട്രെഷനും ഉടന്‍ നടത്തേണ്ടത് കൊണ്ട് മരണ വാര്‍ത്ത പുറത്ത് വിടുന്നതും സംസ്കാരവും വൈകുന്നേരത്തേക്ക് മാറ്റി വക്കുന്നു. എന്നാല്‍ പിറ്റേ ദിവസം മാത്രമാണ് അയാള്‍ക്ക് തിരിച്ചെത്താന്‍ കഴിയുന്നത്. അപ്പോഴേക്ക് വലിയ ഗൗഡയുടെ മൃത ശരീരം അഴുകാനും ചീഞ്ഞു നാറാനും തുടങ്ങുന്നു. മൃതദേഹം ആചാര പ്രകാരം സംസ്കരിക്കുന്നത് സ്ഥല വില്‍പ്പനയുമായി ബന്ധപ്പെട്ട് നീട്ടി വച്ചതായി അറിഞ്ഞാല്‍ നാട്ടുകാര്‍ക്കിടയില്‍ തങ്ങള്‍ക്ക് വലിയ അവമതിപ്പുണ്ടാകുമെന്ന് മതടയ്യ ഭയപ്പെടുന്നു. ഇതിനാല്‍ ഗൗഡ എപ്പോഴാണ് മരിച്ചതെന്ന്‍ മറച്ചു വക്കുന്നു. പിന്നീട് ഗൗഡയുടെ മരണം പുറത്തറിയിച്ച ശേഷം ശവക്കുഴി വെട്ടുന്നതിനായി ഇരിയയെ ബലം പ്രയോഗിച്ച് കൊണ്ടു വരുന്നു. എന്നാല്‍ ഗൗഡയുടെ മരണം സംബന്ധിച്ച  സത്യം വിളിച്ചു പറഞ്ഞ അയാളെ അവിടെ നിന്ന് ആട്ടിയോടിക്കുന്നു. ഗൗഡയുടെ വിലാപയാത്രയിലും ഇരിയ ചെന്ന് കയറുന്നുണ്ട്. ഗൗഡയുടെ മരണം സംബന്ധിച്ച് ആളുകളുമായി സംസാരിക്കുന്ന അയാളെ ശിവണ്ണയുടെയും മതടയ്യയുടെയും നിര്‍ദ്ദേശപ്രകാരം ജോലിക്കാര്‍ ആട്ടിയകറ്റുകയും വീണ്ടും കയറി വന്നപ്പോള്‍ തല്ലി കാലൊടിക്കുകയും ചെയ്യുന്നു. പിന്മാറാതെ മരണം സംബന്ധിച്ച സത്യം ഉറക്കെ വിളിച്ചു പറയാന്‍ ശ്രമിച്ച അയാളെ കുഴിയിലേക്ക് തള്ളിയിടുന്നു.

വീണ് പരുക്കേല്‍ക്കുകയും കാലൊടിയുകയും  ചെയ്യുന്ന ഇരിയയെ കാണാന്‍ ബസനപ്പയും കച്ചവടക്കാരനായ ബുടണ്ണയും  വരുന്നു. സിദ്ധന്‍ യഥാര്‍ത്ഥത്തില്‍ വന്നതായും ഇരിയയുടെ സ്വപനം ഫലിച്ചിരുന്നതായും അവര്‍ പറയുന്നു. സിദ്ധനെ വഴി തിരിച്ചു വിട്ടത് താനാണെന്നും ഇരിയയെ മാറ്റിയെടുക്കാം എന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും പറഞ്ഞ ബസനപ്പയുടെ മുഖത്തേക്ക് വെള്ളമൊഴിച്ച് ഇരിയ വടി കുത്തി ഇറങ്ങിപ്പോവുകയാണ്. ഇതിനു ശേഷം പുറത്ത് വീണു കിടക്കുന്ന ഇരിയയെയാണ് രുദ്രി  കാണുന്നത്. ഇങ്ങനെയുള്ള സമയത്താണ് രാത്രി വളരെ വൈകി സിദ്ധന്‍ വീട്ടിലെത്തുന്നത്. തന്നെ അവഗണിക്കുന്ന ഇരിയയുടെയും രുദ്രിയുടെയും പെരുമാറ്റത്തില്‍ സിദ്ധ ഗുരു അസംതൃപ്തനാണ്. കോപത്തോടെ സിദ്ധന്‍ പറയുന്നു: ഞാന്‍ വന്നത് കണ്ടിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കാതെ അവഗണിക്കുന്നു....ഇതിന്‍റെ ശാപം നിങ്ങള്‍ അനുഭവിക്കേണ്ടി വരും....കുടിക്കാന്‍ വെള്ളം കൊണ്ട് വരാന്‍ സിദ്ധന്‍ രുദ്രിയോദ് ആജ്ഞാപിക്കുന്നു. പരുക്കേറ്റ് കിടക്കുന്ന ഇരിയ തന്‍റെ വരവ് അവഗണിച്ച് ഉറങ്ങുകയാണെന്നാണ് സിദ്ധന്‍റെ ധാരണ. അയാളെ വിളിച്ചുണര്‍ത്താനും സിദ്ധന്‍ ആജ്ഞാപിക്കുന്നു. എന്നാല്‍ വെള്ളം അയാളുടെ മുഖത്തേക്കൊഴിച്ചാണ് രുദ്രി പ്രതികരിക്കുന്നത്. നിങ്ങളില്‍ വിശാസമര്‍പ്പിച്ച ഇരിയക്ക് സംഭവിച്ചതെന്താണെന്ന് നോക്ക്. അപ്പോഴാണ്‌ സിദ്ധന്‍ ഇരിയയെ ശ്രദ്ധിക്കുന്നത്. സിദ്ധന്‍ രുദ്രിയോദ് ക്ഷമ ചോദിക്കുന്നു. അതെ സമയം രുദ്രിയുടെ രോഷം അടങ്ങുന്നില്ല. തങ്ങളോട് ചെയ്ത അനീതിയെക്കുറിച്ച് നാട്ടുകാരോട് വിളിച്ചു പറയാന്‍ സിദ്ധനോട് രുദ്രി ആവശ്യപ്പെടുന്നു. സിദ്ധനെ ഇറക്കി വിടുന്നു. തങ്ങളെ സംരക്ഷിക്കാന്‍ കഴിവില്ലാത്ത, തങ്ങളുടെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന  കുല ദൈവം സിദ്ധനെ മാറ്റി നിര്‍ത്താന്‍ ഇരിയക്കും രുദ്രിക്കും അവസാനം കഴിയുന്നുണ്ട്. വിപ്ലവകരമായ മാറ്റം തന്നെയാണിത്. രുദ്രിയുടെ മറ്റൊരു സ്വപ്നമായിട്ടാണ് സിദ്ധന്‍റെ ഈ വരവും കാണിച്ചിരിക്കുന്നത്.

പിന്നീട് തരിശു ഭൂമിയില്‍ കിളയ്ക്കുകയും വെള്ളം കോരി ഒഴിക്കുകയും ചെയ്യുന്ന ഇരിയയെയും രുദ്രിയെയുമാണ് കാണുന്നത്. ഇത്തവണ പതിവില്ലാത്ത സമയത്ത്, പകല്‍ വെളിച്ചത്തില്‍ സിദ്ധന്‍ പ്രത്യക്ഷപ്പെടുന്നു. തന്നെ വീട്ടിലേക്ക് കൊണ്ടു പോകാന്‍ സിദ്ധന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇരിയ അത് കാര്യമാക്കുന്നില്ല. ആദ്യം എന്‍റെ പണി കഴിയട്ടെ, അത് വരെ ആ കല്ലിന്‍റെ പുറത്ത് കയറിയിരിക്ക് എന്ന് ഇരിയ. ദൈവമായ സിദ്ധന് വഴങ്ങുകയല്ലാതെ വേറെ വഴിയില്ല. കൃഷി ചെയ്യേണ്ടത് ഇങ്ങനെയല്ലെന്നും എങ്ങനെയാണെന്ന് താന്‍ കാണിച്ചു തരാമെന്നും പറയുന്ന സിദ്ധന്‍ ഒരു കയറിന്‍റെ അറ്റം ഇരിയയുടെയും രുദ്രിയുടെയും കയ്യില്‍ കൊടുക്കുന്നു. മറ്റേ അറ്റം പിടിച്ചിരിക്കുന്ന സിദ്ധന്‍ വലിയ ചുറ്റുള്ളതും കെട്ടു പിണഞ്ഞു കിടക്കുന്നതുമായ കയര്‍ അഴിക്കാനും നീട്ടിക്കൊണ്ടുപോകാനും ശ്രമിച്ചു കൊണ്ട് പുറകിലേക്ക്, വിദൂരതയിലേക്ക് നടന്നു മറയുന്നതോടെ ചിത്രം പൂര്‍ത്തിയാകുന്നു.

സാമൂഹ്യബന്ധങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കും പുരോഗതിക്കും തടസമാകുന്ന വര്‍ഗത്തെയും ജാതിയെയും അന്ധവിശ്വാസങ്ങളെയും കൂട്ടിക്കെട്ടിയ കയര്‍ തന്നെയാണ് സിദ്ധന്‍ അഴിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. സംഭവങ്ങളുടെ ക്രമാനുഗതമായ തുടര്‍ച്ചയല്ല, പലപ്പോഴും ചിത്രം പിന്തുടരുന്നത്. രംഗങ്ങളുടെ ആവര്‍ത്തനത്തിലൂടെയുള്ള മനോഹരമായ ചില കബളിപ്പിക്കലുകള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇരിയയുടെ സ്വപ്നം യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരുന്നു. എന്നാല്‍ ഇരിയയെ മതടയ്യ പണം നല്‍കി മടക്കി  അയക്കുന്ന ആദ്യ രംഗത്തില്‍ ഇത് വ്യക്തമാക്കുന്നില്ല. പകരം ഇരിയയുടെ സ്വപ്നം ഫലിച്ചില്ലെന്ന്‍ പ്രേക്ഷകനെ വിശ്വസിപ്പിക്കാന്‍ ആ ഘട്ടത്തില്‍ സംവിധായകന് കഴിയുന്നുണ്ട്. അതേ സമയം സിദ്ധനിലും തന്‍റെ സ്വപ്നത്തിന്‍റെ ഫലപ്രാപ്തിയിലും ഉറച്ചു വിശ്വസിക്കുന്ന ഇരിയ കുഴി വെട്ടുകയാണ്. മദ്യലഹരിയില്‍ കുഴി വെട്ടിയ ശേഷം മതടയ്യയുമായി ഇരിയ സംസാരിക്കുമ്പോള്‍ മതടയ്യയുടെയും മുകളില്‍ നിന്ന് അത് കേള്‍ക്കുന്ന ശിവണ്ണയുടെ ഭാര്യ ഹേമയുടെയും നിസംഗ ഭാവത്തില്‍ ഇരിയയുടെ സ്വപ്നത്തിന്‍റെ സാക്ഷാത്കാരം സംശയിക്കാമെങ്കിലും മരണം സ്ഥിരീകരിക്കുന്ന രംഗം പിന്നീട് മാത്രം അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വപ്നത്തെ തുടര്‍ന്ന്‍ കുഴി വെട്ടാന്‍ ഗൗഡയുടെ വീട്ടിലെത്തുന്ന ഇരിയയുടെയും മടക്കി അയക്കുന്ന മതടയ്യയുടെയും രംഗം വ്യത്യസ്തമായ ആംഗിളില്‍ ആവര്‍ത്തിക്കുന്നുണ്ട്.

സ്വപ്നങ്ങളിലൂടെയും ഭ്രമ കല്‍പ്പനകളിലൂടെയും വികസിക്കുന്ന കനസെമ്പാ കുദുരെയാനേരി, സമൂഹത്തിലെ ജാതി - വര്‍ഗ ഘടനകളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട്. ചുടല ദൈവമായ സിദ്ധനെ സവര്‍ണ ജാതിക്കാരും പരിഗണിക്കുന്നുണ്ട്. സിദ്ധന്‍റെ പോക്ക് വരവുകള്‍ വിവിധ ജാതിയിലും സാമ്പത്തിക നിലവാരത്തിലുമുള്ള മനുഷ്യര്‍ക്ക് താല്‍പര്യമുള്ള കാര്യമാണ്. സിദ്ധന്‍റെ വരവ് മരണപ്പെട്ടയാള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള പ്രവേശനം സാധ്യമാക്കുമെന്നാണ് വിശ്വാസം. കാര്യസ്ഥന്‍ മതടയ്യ അടക്കമുള്ളവര്‍ ഇരിയക്കും രുദ്രിക്കും സിദ്ധന്‍റെ പേരില്‍ പണം നല്‍കാനും മടി കാണിക്കുന്നില്ല. അതേ സമയം ഗൗഡയുടെ മരണ സമയം മറച്ചു വച്ച് ഫ്യൂഡല്‍ അന്തസും കുലമഹിമയും കാത്തുസൂക്ഷിക്കാനും സിദ്ധന്‍റെ വരവുമായി ബന്ധപ്പെട്ട വിശ്വാസത്തെ മതടയ്യ ഉപയോഗിക്കുന്നു.

സ്വപ്നത്തിലൂടെ സിദ്ധന്‍റെ ദര്‍ശനം ലഭിക്കുന്നവരെന്ന പരിഗണന ഇരിയക്കും രുദ്രിക്കും കിട്ടുന്നുണ്ട്. അതേ സമയം അന്ധവിശ്വാസങ്ങളെ പ്രായോഗികമായി ഉപയോഗപ്പെടുത്താന്‍ ഇരിയയേക്കാള്‍ രുദ്രിക്കാണ് സാധിക്കുന്നത്. ഗ്രാമീണ ജനതയുടെ അതിജീവന സമരത്തില്‍ സ്ത്രീകളുടെ അധ്വാനവും പ്രായോഗിക ബുദ്ധിയും വഹിക്കുന്ന പങ്കും എടുത്തു കാണിക്കുന്നു. ആദ്യ രംഗം മുതലുള്ള രുദ്രിയുടെ അവതരണങ്ങളില്‍ ഇത് എടുത്തു കാണിക്കുന്നു. ദ്വീപ അടക്കമുള്ള മറ്റു ഗിരീഷ്‌ കാസറവള്ളി ചിത്രങ്ങളിലും പുരുഷന്‍ നിസംഗനും പരാജിതനുമാകുന്ന ഇടങ്ങളില്‍ തികഞ്ഞ പ്രായോഗിക ബുദ്ധിയോടെ ഇടപെടുകയും മുന്നോട്ടുള്ള വഴികള്‍ തുറക്കുകയും ചെയ്യുന്ന സ്ത്രീകളെ കാണാം.  കന്നഡ സമൂഹത്തിലെ വര്‍ഗ - ജാതി ബന്ധങ്ങളും ഘടനയും അവക്കിടയില്‍ അന്ധ വിശ്വാസങ്ങള്‍ സമര്‍ത്ഥമായും പ്രായോഗികമായും ഉപയോഗിക്കപ്പെടുന്നതുമെല്ലാം ചിത്രം പറഞ്ഞു വക്കുന്നു.

ഗിരീഷ്‌ കാസറവള്ളിയുടെ തിരക്കഥക്ക് 2010ല്‍ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. മികച്ച കന്നഡ ചിത്രമായും ദേശീയ പുരസ്കാര ജൂറി കനസെമ്പാ കുദുരെയാനേരിയെ തെരഞ്ഞെടുത്തു. ഒരു സിനിമയെ ജീവസുറ്റ അനുഭവമാക്കുന്നതില്‍ പങ്കു വഹിക്കുന്ന ഘടകങ്ങളില്‍ ഒന്നായ പെര്‍ഫക്റ്റ് കാസ്റ്റിംഗ് ആണ് ചിത്രത്തിലേത്.  വി. മനോഹറിന്‍റെ പശ്ചാത്തല സംഗീതം ചിത്രത്തിന്‍റെ മിഴിവ് കൂട്ടുന്നു. ഇരിയക്ക് വൈജാനാഥ് ബിരാദര്‍ ജീവന്‍ നല്‍കുമ്പോള്‍ ഗിരീഷ്‌ കാസറവള്ളിയുടെ തന്നെ ഗുലാബി ടാക്കീസിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ഉമാശ്രീയാണ് രുദ്രിയാകുന്നത്. ഇരുവരും മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നത്.

Tuesday, April 14, 2015

ട്രയംഫ് ഓഫ് ദ വില്‍

Triumph of the Will (Triumph Des Willens) (1934) എന്ന നാസി ഡോക്യുമെന്‍ററി കണ്ടു. 1934ല്‍ ജര്‍മ്മനിയിലെ ന്യുറംബര്‍ഗില്‍ നടന്ന നാസി പാര്‍ടി കോണ്‍ഗ്രസിനെക്കുറിച്ചാണ് ഡോക്യുമെന്‍ററി. പ്രസംഗത്തിലും ശരീരഭാഷയിലും പലപ്പോഴും അഡോള്‍ഫ് ഹിറ്റ്‌ലര്‍, ഗ്രേറ്റ് ഡിക്റ്റേറ്ററിലെ ഹിങ്കല്‍ തന്നെ. ചാപ്ലിന്‍ എന്ന മഹാനായ കലാകാരന് അധികം അതിശയോക്തിയൊന്നും ഹിങ്കലിന്‍റെ പ്രസംഗ രംഗങ്ങളില്‍ വേണ്ടി വന്നിട്ടില്ല. ചാപ്ലിന്‍ പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞു: "അയാളെക്കുറിച്ച് ഞാനൊന്നും കാര്യമായി വായിച്ചിട്ടില്ല, ഒരു ചിത്രം കാണുക മാത്രമാണ് ചെയ്തത്. മൂഢനായ ഈ ഭ്രാന്തനെ ഒന്ന് നോക്കിക്കാണൂ എന്ന്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു. നര്‍മ്മബോധമില്ലാത്തെ ഭീകരനും അതെ സമയം ഉള്ളില്‍ ഇയാളൊരു ഭീരുവുമായിരിക്കുമെന്ന് എനിക്ക് തോന്നി". ന്യൂയോര്‍ക്കിലെ മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തില്‍ വച്ച് ചാപ്ലിന്‍ ഈ ചിത്രം കണ്ടിരുന്നു. ഈ ഡോക്യുമെന്‍ററി, ഗ്രേറ്റ് ഡിക്റ്റേറ്റര്‍ ചെയ്യാന്‍ ചാപ്ലിന് പ്രചോദനമായി. ഹിറ്റ്‌ലറുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കില്‍ ഗ്രേറ്റ് ഡിക്റ്റേറ്റര്‍ ചെയ്യില്ലായിരുന്നുവെന്ന്‍ ചാപ്ലിന്‍ പിന്നീട് പറയുകയും ചെയ്തു. 
ലെനി റിഫെന്‍സ്ടാള്‍ സംവിധാനം ചെയ്ത ഈ ഡോക്യുമെന്‍ററി മനുഷ്യത്വ രഹിതവും വിവേക ശൂന്യവുമായ ഒരു ഭീകര രാഷ്ട്രത്തിന്‍റെ രൂപീകരണമാണ് കാണിക്കുന്നത്. നാസികളുടെ ഡെപ്യൂട്ടി 'ഫ്യൂറര്‍' ആയ റുഡോള്‍ഫ് ഹെസ് പറയുന്നു: "ഹിറ്റ്‌ലര്‍ എന്നാല്‍ ജര്‍മ്മനി, ജര്‍മ്മനി എന്നാല്‍ ഹിറ്റ്‌ലര്‍".  ഒരു സമൂഹത്തിന്‍റെ ബഹുസ്വരത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, മാസ് ഹിസ്ടീരിയ വളര്‍ത്തി അധികാരമുറപ്പിക്കുന്ന ഹിറ്റ്‌ലറും അതിനു വേണ്ടി പ്രചരിപ്പിക്കുന്ന ഗീബല്‍സിയന്‍ നുണകളും ഇന്നും സജീവമാണ്. ആള്‍ക്കൂട്ടത്തിന്‍റെ ഫാസിസ്റ്റ് മനശാസ്ത്രവും ഫാസിസത്തിന്‍റെ ആള്‍ക്കൂട്ട മനശാസ്ത്രവും ഇത്തരത്തിലുള്ള മനുഷ്യരെ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
ഹിന്ദു രാഷ്ട്ര വാദവും വര്‍ഗീയ രാഷ്ട്രീയവും ഏകശിലാത്മകമായ ഒരു രാഷ്ട്രത്തിന് പാര്‍ലമെണ്ടറി ജനാധിപത്യത്തിനകത്ത് തന്നെ, അധികാരത്തിന്‍റെ തണല്‍ ഉപയോഗിച്ച് നിരന്തരമായി ശ്രമം നടത്തുമ്പോള്‍ അത്തരമൊരു രാഷ്ട്ര രൂപീകരണത്തിലേക്ക് നയിക്കുന്ന ആള്‍ക്കൂട്ട മനശാസ്ത്രവും പ്രധാനമാണ്. ഫാസിസ്റ്റ് ദേശ രാഷ്ട്ര രൂപീകരണത്തില്‍ നിര്‍ണായകമായ  പ്രൊപ്പഗാണ്ടയുടെ ഏറ്റവും ശക്തമായ ഉദാഹരണങ്ങളില്‍ ഒന്നാണ് ലെനി റീഫന്‍സ്ടാളിന്‍റെ ട്രയംഫ് ഓഫ് ദ വില്‍....      

Friday, April 3, 2015

ഇരകള്‍


കെ.ജി.ജോര്‍ജ് മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്. ശരിക്കും ഒരു മാസ്റ്റര്‍ 'ഫിലിം മേക്കര്‍'. മദ്ധ്യ തിരുവിതാംകൂറിന്‍റെ സാമൂഹ്യാവസ്ഥയെ യാഥാര്‍ത്ഥ്യബോധത്തോടെ പകര്‍ത്തിയ അപൂര്‍വം സംവിധായകരില്‍ ഒരാള്‍. ഒരു മദ്ധ്യതിരുവിതാംകൂര്‍ കുടുംബത്തിന്‍റെ ഹിംസയില്‍ അധിഷ്ടിതമായ വാഴ്ച, അതിന്‍റെ ദുരന്താത്മകമായ പതനങ്ങള്‍, ഇതൊക്കെയാണ് കെ.ജി.ജോര്‍ജിന്‍റെ ഇരകള്‍ (1986) എന്ന ചിത്രം പറയുന്നത്. ഒരേ സമയം ഹിംസയുടെ കാരണക്കാരും അതിന്‍റെ ഇരകളുമാണ് ഈ കുടുംബത്തിലെ അംഗങ്ങള്‍. ഈ കുടുംബം പലപ്പോഴും ഇന്ത്യയുടെ രാഷ്ട്രശരീരമായി മാറുന്നു. 

1984 ഒക്ടോബര്‍ 31ന് ഉണ്ടായ  ഇന്ദിര ഗാന്ധിയുടെ വധവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ആണ് തന്നെ ഇരകള്‍ എന്ന ചിത്രത്തിലേക്ക് നയിച്ചതെന്ന്‍ കെ.ജി.ജോര്‍ജ് പറഞ്ഞിട്ടുണ്ട്. മദ്രാസിലെ ഹോട്ടല്‍ മുറിയില്‍ ഇന്ദിര ഗാന്ധിയുടെ ശവസംസ്കാര ചടങ്ങുകള്‍ ടിവിയില്‍ കാണാനിടയായതാണ് ഇരകള്‍ എന്ന ചിത്രത്തിലേക്ക് ജോര്‍ജിനെ എത്തിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ മാഫിയാവല്‍ക്കരിക്കുന്നതില്‍ സഞ്ജയ്‌ ഗാന്ധിക്കും നെഹ്രുവിന് ശേഷമുള്ള മറ്റു നെഹ്‌റു കുടുംബാംഗങ്ങള്‍ക്കും ഉള്ള പങ്ക് വളരെ വലുതാണ്‌. ഉയര്‍ന്ന ജനാധിപത്യ ബോധവും മാനവിക മൂല്യങ്ങളും വച്ചു പുലര്‍ത്തിയിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിനും ഫിറോസ്‌ ഗാന്ദിക്കും ശേഷമുള്ള നെഹ്‌റു/ഗാന്ദി കുടുംബാംഗങ്ങള്‍ ഒരേ സമയം ഹിംസയുടെ പ്രയോക്താക്കളും അതിന്‍റെ ഇരകളുമാണ്. 

ഇരകള്‍ എന്ന ചിത്രത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ ഹിംസ നിറഞ്ഞു നില്‍ക്കുന്നു.  കെ.ബി.ഗണേഷ്കുമാര്‍ ആണ് കേന്ദ്ര കഥാപാത്രമായ ബേബിയെ അവതരിപ്പിച്ചിരിക്കുന്നത്. ഇരകള്‍ ഗണേഷ് കുമാറിന്‍റെ ആദ്യ ചിത്രമാണെന്ന് തോന്നുന്നു. കഥാപാത്രത്തിന്‍റെ സ്വഭാവത്തില്‍ ഗണേഷിന്‍റെ  ആത്മാംശം അല്‍പ്പം ഇല്ലേ എന്ന് സംശയം.....  

വചനം

വചനം (1989)....ലെനിന്‍ രാജേന്ദ്രന്‍റെ ഒരു നല്ല ചിത്രം....ആള്‍ദൈവങ്ങള്‍ രണ്ടു തരത്തിലുണ്ട്, പിടിക്കപ്പെട്ടവരും പിടിക്കപ്പെടാത്തവരും. കേരളത്തില്‍ ആള്‍ദൈവങ്ങള്‍ ക്ലച്ചു പിടിക്കാന്‍ തുടങ്ങുന്ന കാലത്ത്, വലിയ വ്യവസായ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താന്‍ തുടങ്ങുന്നതിന് മുന്‍പാണ് വചനം പുറത്ത് വരുന്നത്. അമൃതാനന്ദമയി, സായി ബാബ ലൈനിലുള്ള ആള്‍ദൈവ സംസ്കാരത്തില്‍ നിന്ന് അല്‍പ്പം വ്യത്യസ്തത പുലര്‍ത്തുന്ന ശാന്തിഗിരി ആശ്രമത്തെയാണ് ശാന്തിപുരം എന്ന പേരില്‍ ലെനിന്‍ ലക്ഷ്യം വച്ചിരിക്കുന്നത് എന്ന് തോന്നുന്നു. എങ്കിലും അമ്മ, ബാബ, ഗുരു തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന എല്ലാ തരത്തിലുള്ള മനുഷ്യദൈവങ്ങളെയും, അധികാര കേന്ദ്രങ്ങളുടെ തണലില്‍ തഴച്ചു വളരുന്ന അവരുടെ സെക്സ് ടൂറിസം കേന്ദ്രങ്ങളായ ആശ്രമങ്ങളെയും മാഫിയാ സംഘങ്ങളെയും വലിച്ചു കീറുന്നുണ്ട് ഈ ചിത്രം. 
വചനത്തിലെ ശാന്തനും നിഷ്കളങ്ക ഭാവമുള്ളവനുമായ വില്ലന്‍, ചാരുഹാസന്‍റെ മികച്ച വേഷങ്ങളില്‍ ഒന്നാണ്. ശാന്ത പ്രകൃതത്തിനിടയിലും അയാളുടെ കണ്ണുകളില്‍ നിഗൂഢതയുണ്ട്. വികലമായ ചേഷ്ടകളും കോമാളിത്തരങ്ങളും ഇല്ലാതെ ഇത്രയും നന്നായി ആത്മീയതയുടെ കച്ചവടക്കാരെയും അവരുടെ ആത്മ സംഘര്‍ഷങ്ങളെയും അവതരിപ്പിച്ച മറ്റൊരു ചിത്രം ഉണ്ടായിട്ടില്ല. ശക്തമായ വിമര്‍ശനങ്ങളും യുക്തി വിചാരങ്ങളും കുറെ ഉദ്ധരണികളും തിരുകിക്കയറ്റിയ പ്രഭുവിന്‍റെ മക്കള്‍ എന്ന സിനിമ ഒരു കലാസൃഷ്ടിയെന്ന നിലയില്‍ വികലമായിപ്പോയിരുന്നു. വചനത്തിന് ഉള്ളതും പ്രഭുവിന്‍റെ മക്കള്‍ക്ക് ഇല്ലാത്തതും ശക്തമായ തിരക്കഥയും അതിന്‍റെ ശക്തമായ സാക്ഷാത്കാരവുമാണ്.....ലെനിന്‍ രാജേന്ദ്രന്‍റെ വചനത്തില്‍ നിന്ന് രാജീവ് അഞ്ചലിന്‍റെ ഗുരു (1997) വിലേക്ക്  എത്തുമ്പോഴേക്കും കേരളം അതിന്‍റെ നവോത്ഥാനത്തില്‍ നിന്നുള്ള പുറകോട്ടു നടത്തം ആരംഭിച്ചിരുന്നു.....

പാര്‍ടി


വൈകുന്നേരം ദമയന്തി റാണെയുടെ വീട്ടില്‍ പാര്‍ടി തുടങ്ങുകയാണ്. പ്രമുഖ നാടകകൃത്ത് ദിവാകര്‍ ബര്‍വേയുടെ പുരസ്കാര നേട്ടം ആഘോഷിക്കാനാണ് പാര്‍ടി. എഴുത്തുകാരും കലാകാരന്മാരും ബുദ്ധിജീവികളും ഉള്‍പ്പടെ ഉപരി-മദ്ധ്യവര്‍ഗങ്ങളില്‍ പെട്ട പല സ്വഭാവത്തിലുള്ള മനുഷ്യര്‍ പാര്‍ടിക്കെത്തുന്നുണ്ട്. അവരില്‍ മാര്‍ക്സിസ്റ്റ്‌ ലേബല്‍ ഉള്ളവരുള്‍പ്പടെയുള്ള  ദന്തഗോപുര വാസികളുണ്ട്, കടുത്ത ലൈംഗിക അസംതൃപ്തി ഉള്ളവരും വിടന്മാരുമുണ്ട്‌, ക്ഷണിക്കപ്പെടാത്തവരുമുണ്ട്, ഇവരുടെയെല്ലാം കാപട്യം നിറഞ്ഞ പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമാണ് പാര്‍ടി. പാര്‍ടി  പുരോഗമിക്കുന്നു. 

ചിത്രത്തിന്‍റെ അവസാന രംഗത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന കവി അമൃത് മറ്റു കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ തുടക്കം മുതല്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. എഴുത്തുകാരും കലാകാരന്മാരും പുലര്‍ത്തേണ്ട സാമൂഹിക പ്രതിബദ്ധതയെ കുറിച്ച് ചൂടേറിയ ചര്‍ച്ചയും  വാദ-പ്രതിവാദവും നടക്കുന്നു. കല കലക്ക് വേണ്ടി, കല സമൂഹത്തിനു വേണ്ടി, കാലങ്ങളായി തുടരുന്ന ഈ ചര്‍ച്ചയുടെ തുടര്‍ച്ച തന്നെ ഇവിടെയും. സാമൂഹ്യ പ്രശ്നങ്ങളോട് പ്രതികരിക്കുമ്പോള്‍ ഒരു കലാകാരന് ഇരട്ട വ്യക്തിത്വം സാദ്ധ്യമാണോ? കലാകാരന്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെ ഭാഗമായിരിക്കേണ്ടത് അനിവാര്യമല്ലെങ്കിലും രാഷ്ട്രീയ പ്രക്രിയയെ, ജനകീയ പ്രക്ഷോഭങ്ങളെ അവഗണിക്കാന്‍ കഴിയുമോ? വൈയക്തികമായ സംഘര്‍ഷങ്ങളില്‍ മാത്രം ഒതുങ്ങി ജീവിക്കുന്ന എഴുത്തുകാരെയും കലാകാരന്മാരെയും അസ്വസ്ഥരാക്കുകയും അവരുടെ ഉറക്കം കെടുത്തുകയുമാണ് അമൃത്. ഗോവിന്ദ് നിഹലാനിയുടെ ശക്തമായ ഒരു രാഷ്ട്രീയ ചിത്രം.....

ഗണശത്രു


ഇബ്സന്‍റെ എനിമി ഓഫ് ദ പീപ്പിള്‍ എന്ന നാടകത്തെ ആധാരമാക്കി സത്യജിത് റായ് സംവിധാനം ചെയ്ത ചിത്രമാണ് ഗണശത്രു (1989). പശ്ചിമ ബംഗാളിലെ ഒരു ചെറു നഗരമായ ചന്ദിപ്പൂരില്‍ മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങള്‍ വ്യാപകമായി പ്രത്യക്ഷപ്പെടുന്നു. ഒരു ചെറിയ വിനോദ സഞ്ചാര കേന്ദ്രമായി രൂപാന്തരപ്പെട്ടിരിക്കുന്ന ചന്ദിപ്പൂരിന്‍റെ പ്രധാന വരുമാന സ്രോതസ് നഗരത്തിലെ ക്ഷേത്രമാണ്. അമ്പലത്തില്‍ നിന്നുള്ള 'വിശുദ്ധ' ജലമാണ് രോഗ കാരണമെന്ന് വിശദമായ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ അശോക്‌ ഗുപ്ത കണ്ടെത്തുന്നു. വിശുദ്ധ ജലമായി അറിയപ്പെടുന്ന അഴുക്കുവെള്ളം കുടിച്ച ഭക്തജനങ്ങള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നതെന്ന് ഗുപ്തക്ക് ബോദ്ധ്യമാകുന്നു. രോഗം പടർന്നു വലിയ പകർച്ച വ്യാധി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഡോക്ടർ ഗുപ്ത.  അതെ സമയം അശോക്‌ ഗുപ്തയുടെ കണ്ടെത്തലുകള്‍ സ്ഥാപിത താല്‍പര്യക്കാരെ അസ്വസ്ഥരാക്കുന്നു. അമ്പലത്തിലെ ജലവിതരണ സംവിധാനം പുനര്‍ നിര്‍മ്മിക്കുക എന്ന നിര്‍ദ്ദേശം അവര്‍ക്ക് സ്വീകാര്യമല്ല.  അതിനായി അമ്പലം അടച്ചിടെന്ടി വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വരുമാന നഷ്ടമാണ് അവരെ അസ്വസ്ഥരാക്കുന്നത്. 

സ്വകാര്യ വ്യക്തിയുടെ ട്രസ്റ്റിനു കീഴിലുള്ള ക്ഷേത്രം നഗരസഭ ചെയർമാനും അശോക്‌ ഗുപ്തയുടെ അനുജനുമായ നിഷിത് ഗുപ്തയുടെ ആശയമാണ്. തങ്ങളുടെ സങ്കുചിത താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി യാഥാര്‍ത്ഥ്യം ജനങ്ങളിൽ നിന്ന് മറച്ചു വെക്കാനും സത്യം ജനങ്ങളെ അറിയിക്കാനുള്ള ഡോക്ടർ ഗുപ്തയുടെ നീക്കം ഏതു വിധേനയും പരാജയപ്പെടുത്താനും അവർ ആഗ്രഹിക്കുന്നു. അമ്പലത്തിലെ വിശുദ്ധ ജലം ഒരിക്കലും മലിനമാകില്ല എന്ന യുക്തിരഹിതമായ അന്ധവിശ്വാസം പൊതുജനങ്ങള്‍ക്കിടയില്‍ ദൃഡപ്പെടുത്തിയാണ് പ്രചാരണം മുന്നോട്ടു പോകുന്നത്.  ജനവാര്‍ത്ത എന്ന ചന്ദിപ്പൂരിലെ ഏക ദിനപ്പത്രത്തിന് ലബോറട്ടറി റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിലുള്ള  ലേഖനം ഗുപ്ത പ്രസിദ്ധീകരിക്കാന്‍ നല്‍കുന്നു. തുടക്കത്തില്‍ ലേഖനം പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുന്നുണ്ടെങ്കിലും അവരുടെ കപട നിലപാടുകളും നിഷീത് ഗുപ്തയുടെ സമ്മര്‍ദ്ദവും കാരണം   പിന്‍വലിയുന്നു. ഇതേ തുടര്‍ന്ന് അശോക്‌ ഗുപ്ത ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി വിശദീകരണ യോഗം വിളിക്കുന്നു. വിശദീകരണ യോഗവും എതിര്‍ ചേരിയില്‍ ഉള്ളവര്‍ ഹൈജാക്ക് ചെയ്യുകയാണ്. പൊതുജനാഭിപ്രായത്തെ അശോക്‌ ഗുപ്തക്ക് എതിരായി തിരിക്കാനും വിശ്വാസവുമായി ബന്ധപ്പെടുത്തി പ്രശ്നത്തെ വഴി തിരിച്ചുവിടുന്നതിലും നിഷീത് ഗുപ്തയും അനുകൂലികളും വിജയിക്കുന്നു. അശോക് ഗുപ്ത ജനശത്രുവായി മാറുന്നു. എന്നാൽ റോണന്‍റെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ യാഥാര്‍ത്ഥ്യം ജനങ്ങളില്‍ എത്തിക്കാനുള്ള പ്രചാരണം വിജയിക്കുന്നു. 

മതകാര്യങ്ങളില്‍ പൊതുവേ താല്‍പര്യമില്ലാത്ത ഡോക്ടര്‍ അശോക്‌ ഗുപ്തയെ പൊതുജനശത്രുവാക്കി ചിത്രീകരിക്കാനുള്ള നിഷീത് ഗുപ്തയുടെയും കൂടെയുള്ളവരുടെയും ശ്രമങ്ങള്‍, അവരുടെ കുത്സിത പ്രചാരണ തന്ത്രങ്ങള്‍ തുടങ്ങിയവ ഗണശത്രുവിനെ ഒരു ശക്തമായ രാഷ്ട്രീയ ചിത്രമാക്കി മാറ്റുന്നുണ്ട്.  മതം, വിശ്വാസം തുടങ്ങിയ വലിയ രാഷ്ട്രീയ ആയുധങ്ങള്‍ എങ്ങനെയാണ് ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിലും ജനങ്ങളുടെ യഥാര്‍ത്ഥ പൊതു താല്‍പര്യങ്ങളെ അട്ടിമറിക്കുന്നതിലും പങ്കു വഹിക്കുന്നത് എന്നതിന്‍റെയും ചിത്രീകരണമാണ് ഗണശത്രു. സങ്കുചിത രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കിടയില്‍ ജനകീയ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ദുര്‍ബലമാക്കുന്നതിനായി ഭരണവര്‍ഗവും പലപ്പോഴും മാധ്യമങ്ങളും പിന്തുടരുന്ന നെറികെട്ട പ്രചാരണ തന്ത്രങ്ങളും ഇവിടെ കാണാം.  

ക്ഷേത്രം ചിത്രീകരിക്കുന്ന ഒരു രംഗം മാത്രമാണ് ചിത്രത്തില്‍ ഔട്ട്‌ ഡോര്‍ ആയി ഉള്ളത്. ബാക്കിയെല്ലാം ഇന്‍ഡോര്‍ ചിത്രീകരണമാണ്. ഇബ്സന്‍റെ നാടകം ആധാരമാക്കി എടുത്ത ഗണശത്രുവിനും നാടകത്തിന്‍റെ പ്രകടമായ സ്വാധീനമുണ്ട്. സൗമിത്ര ചാറ്റര്‍ജി കേന്ദ്ര കഥാപാത്രമായ ഡോക്ടർ അശോക്‌ ഗുപ്തയാകുമ്പോൾ, ധൃതിമാന്‍ ചാറ്റര്‍ജി, ദീപാങ്കര്‍ ഡേയ്, മമത ശങ്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. പ്രകടമായ തീയറ്റര്‍ സ്വഭാവം കാരണം കാര്യമായ ക്യാമറ ചലനങ്ങളും ആവശ്യമായി വരുന്നില്ല. അഡാപ്ട്ടെഷന് വലിയ സാധ്യതയുള്ള ശക്തമായ പ്രമേയം തന്നെയാണ് ചിത്രത്തിന്‍റെ കരുത്ത്. ആള്‍ക്കൂട്ട മനശാസ്ത്രത്തിനും സങ്കുചിത സാമ്പത്തിക, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും അപ്പുറത്ത് യുക്തിബോധവും സത്യസന്ധതയും മുറുകെപ്പിടിക്കുന്ന, ഉറച്ച ബോദ്ധ്യത്തോടെ അപ്രിയ സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്ന അശോക്‌ ഗുപ്തമാരെ ചരിത്രത്തില്‍ ഉടനീളം കാണാം....

ദ റിട്ടേണ്‍


ആന്ദ്രെ, ഇവാന്‍, 12 വര്‍ഷത്തിന് ശേഷം മടങ്ങി വരുന്ന അവരുടെ അച്ഛന്‍....ദ റിട്ടേണിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മൂന്നും പേരും ഒരു യാത്ര പോവുകയാണ്. യാത്ര അവരെ എത്തിക്കുന്നത് എവിടെയാണ്? ഒരു തിരിച്ചു വരവിന്‍റെ കഥയാണ് ആന്ദ്രെ സ്വെഗിന്‍സേവിന്‍റെ റഷ്യന്‍ ചലച്ചിത്രം ദ റിട്ടേണ്‍ പറയുന്നത്. ഒറ്റപ്പെടലുകളിലും അന്യവത്കരണത്തിലും മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളിലുമാണ് ചിത്രം കേന്ദ്രീകരിക്കുന്നത്.

ആന്ദ്രെ ശുദ്ധഗതിക്കാരനാണ്. സമൂഹവുമായി തുറന്നു ഇടപെടുന്നു. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു. 12 വര്‍ഷത്തിന് ശേഷമുള്ള അച്ഛന്‍റെ തിരിച്ചു വരവില്‍ അവന്‍ സന്തുഷ്ടനാണ്. അച്ഛനോട് വിധേയത്വം പുലര്‍ത്താനും ആന്ദ്രേക്ക് മടിയില്ല. അതേസമയം അനുജനായ ഇവാന്‍ താരതമ്യേന അന്തര്‍മുഖനാണ്. പലപ്പോഴും സ്വാര്‍ത്ഥനുമാണ്. സംശയത്തിന്‍റെയും ഭീതിയുടെയും അതിപ്രസരമില്ലാതെ ഒന്നിനെയും നോക്കിക്കാണാനോ വെല്ലുവിളികള്‍ ഏറ്റെടുക്കാനോ ഇവാന്‍ തയ്യാറല്ല. അപകര്‍ഷതാ ബോധം ഇവാനെ വേട്ടയാടുന്നു. എപ്പോഴും അമ്മയെ ആണ് അഭയസ്ഥാനമായി അവന്‍ കാണുന്നത്. ഭീരുക്കളെ വിളിക്കാന്‍ പൊതുവായി ഉപയോഗിക്കുന്ന ചിക്കന്‍ എന്ന പേരാണ് ഇവാന് സുഹൃത്തുക്കള്‍ നല്‍കിയിരിക്കുന്നത്. അച്ഛനെക്കുറിച്ച് ഇവാന് ഓര്‍മയില്ല. അച്ഛന്‍റെ മടങ്ങിവരവില്‍ ഇവാന് വലിയ സന്തോഷവുമില്ല. അയാളുടെ മുരടനും വിചിത്രമായതുമായ പെരുമാറ്റ രീതികള്‍ ഇവാന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അച്ഛന്‍റെ അധികാരം സ്ഥാപിക്കല്‍ അംഗീകരിക്കാനും ഇവാന് കഴിയുന്നില്ല. വിശ്വാസരഹിതമായ ആ യാത്ര ദുരന്തത്തിലേക്ക് വഴി തുറക്കുന്നു. 

ഒരു ഫോട്ടോയിലൂടെ മാത്രം അറിഞ്ഞിരുന്ന അച്ഛനെക്കുറിച്ചുള്ള തിരിച്ചറിവ് വളരെ വൈകിയാണ് രണ്ടു പേര്‍ക്കും ഉണ്ടാകുന്നത്. സംവിധായകന്‍റെ ആദ്യ ചിത്രമാണ് ദ റിട്ടേണ്‍. അസ്വസ്ഥതയുണ്ടാക്കുന്ന, ചിലപ്പോഴൊക്കെ വേട്ടയാടുന്ന ചിത്രത്തെ മിഖായേല്‍ ക്രിച്ച്മാന്‍റെ കാവ്യാത്മകമായ ഫ്രേമുകള്‍ ഉദാത്തമാക്കുന്നു.....