Friday, December 30, 2011

"നല്ലൊരു വരള്‍ച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു"




















ഭരണവര്‍ഗം തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിച്ച് നിരര്‍ത്ഥകമാക്കിയ രണ്ടു വാക്കുകളാണ് ജനാധിപത്യവും വികസനവും. ഇന്ത്യന്‍ സമൂഹത്തില്‍ ഇവ രണ്ടും എത്ര പരിഹാസ്യമായ രീതിയിലാണ് ഉപയോഗിക്കപ്പെടുന്നത് എന്നത് സംബന്ധിച്ചുള്ള അന്വേഷണമാണ്  പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനും ദി ഹിന്ദുവിന്‍റെ റൂറല്‍ അഫൈര്‍സ് എഡിറ്ററുമായ പി. സായ്‌നാഥ് നടത്തുന്നത്. അത്യന്തം ദയനീയമായ ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തിന്‍റെ നേര്‍കാഴ്ചയാണ് ഈ ലേഖനങ്ങള്‍. വളര്‍ച്ചാനിരക്കുകളെക്കുറിച്ചുള്ള പൊള്ളയായ അവകാശവാദങ്ങള്‍ക്കും നിറം പിടിപ്പിച്ച നുണകള്‍ക്കുമിടയില്‍ അതിജീവനത്തിനായി നിരന്തരസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ജീവിതാവസ്ഥകളും പ്രതീക്ഷകളുമാണ് സായ്‌നാഥ് പങ്കുവെക്കുന്നത്. നവ ഉദാരവല്‍ക്കരണനയങ്ങള്‍ ഗ്രാമീണ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ചുള്ള വിമര്‍ശനാത്മക പഠനം കൂടിയാണിത്. ഫ്യൂഡല്‍ മൂല്യവ്യവസ്ഥിതിയെ തകര്‍ത്തുകൊണ്ടാണ് മുതലാളിത്തം ഒരു സമൂഹത്തില്‍ ആധിപത്യം സ്ഥാപിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ഭരണവര്‍ഗം  അതിന്‍റെ ഫ്യൂഡല്‍ സ്വഭാവം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് നവമുതലാളിത്ത നയങ്ങളുമായി മുന്നോട്ടു പോകുന്നത്.  ഭൂപ്രഭുക്കളുടെ അധീശത്വം, ബ്യൂറോക്രസി, അഴിമതിയില്‍ മുങ്ങിയിരിക്കുന്ന പൊതുഭരണ സംവിധാനം, ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍, ഇന്ത്യന്‍ സമൂഹത്തില്‍ ഫ്യൂഡല്‍ സ്വഭാവം  നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ജാതി എന്നിവ ജനജീവിതത്തെ അസന്തുലിതവും അരക്ഷിതവുമാക്കുന്നു. ശക്തമായ ഭൂപരിഷ്കരണ നിയമങ്ങളിലൂടെ ഭൂമിയുടെ വിതരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്തിടത്തോളം വികസനം അസാദ്ധ്യമാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. ഗ്രാമീണ വികസന പദ്ധതികള്‍ക്ക് അനുവദിക്കപ്പെടുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ട് അധസ്ഥിത ജനവിഭാഗങ്ങളുടെ ജീവിത നിലവാരത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും  വരുത്താത്തതിന്‍റെ കാരണങ്ങളും പദ്ധതികളുടെ രൂപീകരണവും നടപ്പാക്കലും ഏതൊക്കെ രീതിയിലാണ് ജനവിരുദ്ധമാകുന്നതെന്നും സായ്‌നാഥ് വിശദീകരിക്കുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ പരിതാപകരമായ അവസ്ഥയിലുള്ള പൊതുജനാരോഗ്യ, പ്രാഥമികവിദ്യാഭ്യാസ സംവിധാനങ്ങള്‍ ഭരണകൂടത്തിന്‍റെ എല്ലാ അവകാശവാദങ്ങളെയും പരിഹാസ്യമാക്കുന്നതാണ്. 1993-95 കാലത്ത് ടൈംസ്‌ ഓഫ് ഇന്ത്യക്ക് വേണ്ടിയാണ് ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ പത്തു ജില്ലകളിലൂടെ സഞ്ചരിച്ചു സായ്‌നാഥ് ഈ റിപ്പോര്‍ട്ട്കള്‍ തയ്യാറാക്കുന്നത്. ഇന്ത്യയിലെ നഗരങ്ങളും സാങ്കേതിക വിദ്യയും അന്നത്തെ തിനേക്കാള്‍ വികസിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് ഇപ്പോഴും ഇതേ മുഖമാണ് ഉള്ളത്. നഗരകേന്ദ്രീകൃതവും അടിസ്ഥാന ജനവിഭാഗങ്ങളെ സ്പര്‍ശിക്കാത്തതുമായ വികസന കാഴ്ച്ചപ്പാടുകളാണ് നമ്മുടേത്‌... പോഷകാഹാരക്കുറവു മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ സബ് സഹാറന്‍ ആഫ്രിക്കയെക്കാള്‍ ഒട്ടും പുറകിലല്ല വളര്‍ച്ചാനിരക്കുകളെക്കുറിച്ച് വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ഇന്ത്യ!. സര്‍ക്കാര്‍ കൊടുക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും വാങ്ങിച്ചു സര്‍ക്കാര്‍ ആശുപത്രിയുടെ തൊട്ടടുത്ത്‌ സ്വകാര്യ പ്രാക്ടീസ് നടത്തി സാധാരണക്കാരെ പിഴിയുന്ന ഡോക്ടര്‍മാരും, ധാന്യപ്പുരയും തൊഴുത്തുമാക്കപ്പെടുന്ന സ്കൂളുകളും ഗ്രാമീണ ഇന്ത്യയുടെ ദയനീയ ചിത്രമാണ് നല്‍കുന്നത്.  വികസനത്തിന്‍റെ പേരില്‍ കുടിയൊഴിക്കപ്പെടുന്ന ലക്ഷക്കണക്കിനാളുകള്‍ ഇന്ത്യയിലുണ്ട്. ഇത്തരം വാസ്തുഹാരകള്‍ക്ക് (വസ്തു അപഹരിക്കപ്പെടുന്നവര്‍) തുച്ഛമായ തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. ഇവരുടെ ഭൂമി അപഹരിക്കുന്നതിനു ഭരിക്കുന്നവര്‍ നല്‍കിയിരിക്കുന്ന പേരാണ് 'വികസനം'. ഇവരില്‍ നല്ലൊരു വിഭാഗം കര്‍ഷകരും  ആദിവാസികളുമാണ്. സര്‍ക്കാരിന്‍റെ കണക്കുകളില്‍ പലപ്പോഴും ഇവരുടെ പേര് കാണില്ല. ഭരണകൂടം എപ്പോഴും ഇവരെ സാങ്കേതിക കുരുക്കുകളില്‍ മുറുക്കി   പുറത്തു നിര്‍ത്തുന്നു. ഈ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദരിദ്രജനത എല്ലാ കണക്കുകള്‍ക്കും പുറത്താണ് നില്‍ക്കുന്നത്. ഭരണകൂടവും മാദ്ധ്യമങ്ങളും അവരെ മുഖ്യധാരക്ക്‌ പുറത്തു നിര്‍ത്താന്‍ ഇഷ്ടപ്പെടുന്നു. ഇവരെ വെറും വാര്‍ത്ത മാത്രമായി കാണുന്ന അങ്ങനെ പോലും കാണാന്‍ താല്പ്പര്യപ്പെടാത്ത മാദ്ധ്യമങ്ങളുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് സായ്നാഥ് സ്വീകരിക്കുന്ന സമീപനം. വേറിട്ടതും  മനുഷ്യത്വപൂര്‍ണവുമായ മാദ്ധ്യമപ്രവര്‍ത്തനത്തിന്‍റെ മുഖമാണ് ഈ പുസ്തകത്തില്‍ കാണുന്നത്. മാദ്ധ്യമപ്രവര്‍ത്തനത്തിന് വ്യക്തമായ പക്ഷമുണ്ടാവണമെന്നും അത് ചൂഷണം ചെയ്യപ്പെടുന്ന, അടിച്ചമര്‍ത്തപ്പെടുന്ന ജനതയുടെതായിരിക്കണം എന്നുമുള്ള ഉറച്ച നിലപാടാണ് സായ്‌നാഥ് മുന്നോട്ടുവെക്കുന്നത്.  

1 comment: