Monday, March 21, 2016

നൂറു സിംഹാസനങ്ങള്‍



പൊതുവേ ഫിക്ഷന്‍ വായനയും നോവല്‍ വായനയും വളരെ കുറവാണ്. മാത്രമല്ല എത്ര ചെറിയ പുസ്തകമാണെങ്കിലും കുറഞ്ഞത്‌ രണ്ട് ദിവസമെങ്കിലും എടുത്ത് വായിച്ചു തീര്‍ത്ത പതിവേ ഉണ്ടായിട്ടുള്ളൂ. അത് ഫിക്ഷന്‍ ആയാലും നോണ്‍ ഫിക്ഷന്‍ ആയാലും ശരി. ഇത് പക്ഷെ ഒറ്റയിരിപ്പിന് തീര്‍ന്നു. കഴിഞ്ഞ ദിവസം ഒരു ട്രെയിന്‍ യാത്രക്കിടെ. ഷൊര്‍ണൂരില്‍ നിന്ന് തുടങ്ങിയ വായന രണ്ട് മണിക്കൂര്‍ പിന്നിട്ട് ആലുവയില്‍ എത്തുമ്പോഴേക്കും പുസ്തകം തീര്‍ന്നു. ജയമോഹന്‍റെ 'നൂറ് സിംഹാസനങ്ങള്‍'....സമീപ കാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയ മികച്ച നോവലുകളില്‍ ഒന്നാണിതെന്ന്‍ നിസംശയം പറയാം. സമാനതകളില്ലാത്തൊരു  വായനാനുഭവം തന്നെയാണ് നൂറു സിംഹാസനങ്ങള്‍. ഉള്ളു പൊള്ളിക്കുന്ന വായനാനുഭവം. വായിച്ചു തുടങ്ങി ഒരിക്കല്‍ പോലും പുസ്തകം മടക്കി വക്കണമെന്നോ പിന്നീട് വായിച്ചു തീര്‍ക്കാമെന്നോ തോന്നിയില്ല. സാധാരണ എത്ര ഇഷ്ടപ്പെട്ട പുസ്തകമാണെങ്കിലും വളരെയധികം സമയമെടുത്ത് വായിച്ചു തീര്‍ക്കുന്നതാണ് പതിവ്. മാസങ്ങള്‍ കഴിഞ്ഞു ബാക്കി വായിക്കുമ്പോള്‍ പോലും ഒരു പുസ്തകത്തിന്‍റെയും തുടര്‍ച്ച നഷ്ടപ്പെടുന്നതായി തോന്നിയിട്ടില്ല. വായിച്ചു നിര്‍ത്തിയ പേജില്‍ കടലാസുകള്‍ വക്കാറുമില്ല. പക്ഷെ ഈ നോവല്‍ അങ്ങനെ മാറ്റി വക്കണം എന്ന് തോന്നിയില്ല. കല്‍പ്പറ്റ നാരായണന്‍റെ മനോഹരമായ അവതാരിക പിന്നിട്ട് നോവലിലേക്ക് കടക്കുന്നത്‌ മുതല്‍ കഥ പറയുന്ന 'ഞാന്‍' എന്ന ധര്‍മപാലനും നായാടിയായ അയാളുടെ അമ്മയും നിങ്ങളെ വേട്ടയാടും....

ഇന്ത്യന്‍ സാമൂഹ്യ ശരീരത്തില്‍ നൂറ്റാണ്ടുകളായി വേരുറപ്പിച്ചിട്ടുള്ളതും ഇന്ത്യന്‍ വര്‍ഗസമര പാതയിലെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നുമാണ് ജാതി.  ഭൂരിഭാഗം ഇന്ത്യക്കാരുടേയും  മാനസിക ഘടനയുടെ കൂടി ഭാഗമായ ജാതി എങ്ങനെയാണ് സാമ്പത്തിക നിലവാരത്തിനും ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ക്കും ഔദ്യോഗിക പദവികള്‍ക്കും അപ്പുറം അവര്‍ണരുടെ അസ്തിത്വത്തെയും വര്‍ഗ ബന്ധങ്ങളെയും നിര്‍ണയിക്കുകയും അവരുടെ സാമൂഹ്യ ജീവിതത്തെ കാര്‍ന്നു തിന്നുകയും ചെയ്യുന്നത് എന്നത് ഏറ്റവും ഹൃദ്യമായി വരച്ചു കാട്ടുകയാണ് ജയമോഹന്‍. "അഴുക്കുകള്‍ കഴുകി കഴുകി ചര്‍മ്മമായി മാറിയിരിക്കുന്നു. വെള്ളം കൊണ്ട് കഴുകി കഴുകി ഞാന്‍ എന്നെ വീണ്ടെടുക്കുന്നു"....തന്‍റെ സാമൂഹ്യാസ്ഥിത്വം പുനര്‍ നിര്‍ണയിക്കാനുള്ള സിംഹാസനങ്ങള്‍ക്ക് വേണ്ടിയുള്ള സംഘര്‍ഷവും അതില്‍ പുറകോട്ടടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടാക്കുന്ന വേദനയും ധര്‍മപാലനെ വേട്ടയാടുന്നു. സംവേദന ശേഷി കൂടും തോറും അയാളുടെ ഭയവും ഏകാന്തതയും അയാള്‍ അനുഭവിക്കുന്ന അപമാനവും അന്യവത്കരണവും കൂടുതല്‍ പ്രകടവും തീവ്രവുമാകുന്നു. അംബേദ്കര്‍ മുതല്‍ ധര്‍മപാലന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ വരെയുള്ള മനുഷ്യരുടെയും വൈകാരികാഘാതം തീര്‍ക്കുന്ന തീഷ്ണമായ അനുഭവങ്ങളും നൂറ്റാണ്ടുകളായി ചവുട്ടിയരക്കപ്പെടുന്ന അധസ്ഥിത ജനതയുടെ ആഴത്തിലുള്ള മുറിവുകളും തന്നെയാണ് നൂറു സിംഹാസനങ്ങള്‍. സിംഹാസനങ്ങളെ ഭയപ്പെടുന്ന തന്‍റെ അമ്മയുടെ നൂറ്റാണ്ടുകള്‍ പിന്നിട്ട വിശപ്പും ഭയവും മാറാന്‍ ഇനിയും നൂറു സിംഹാസനങ്ങള്‍ വേണമെന്ന് ധര്‍മപാലന്‍ തിരിച്ചറിയുന്നു. നായാടിയല്ലാതാവാന്‍ പദവിയും അധികാര സ്ഥാനവും നേടിയെങ്കിലും അധികാരമില്ലാത്തയാളായി തുടരുന്ന, നായാടിയല്ലാതാകാന്‍ സമൂഹം അനുവദിക്കാത്ത ധര്‍മപാലന്‍റെ തിരിച്ചറിവിനോടൊപ്പമാണ് നോവല്‍ പൂര്‍ത്തിയാകുന്നത്....സിവില്‍ സര്‍വീസ് ഇന്‍റര്‍വ്യൂവിന് അയാള്‍ നേരിടേണ്ടി വരുന്ന ഒരു ചോദ്യം:  "നിങ്ങള്‍ ഓഫീസറായിട്ട് പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ന്യായവും മറു ഭാഗത്ത് ഒരു നായാടിയും വന്നാല്‍ നിങ്ങള്‍ എന്ത് തീരുമാനമാണ് എടുക്കുക??" അയാളുടെ മറുപടി ഉറച്ചതാണ്: "ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ട് വശത്തും നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മത്തിന്‍റെ അടിസ്ഥാനത്തില്‍ ആ ക്ഷണത്തില്‍ തന്നെ നായാടി അനീതിക്ക് ഇരയായി കഴിഞ്ഞു. "അവന്‍ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്".....

നൂറു സിംഹാസനങ്ങള്‍ (2013)
മാതൃഭൂമി ബുക്സ്
വില : 65.00


No comments:

Post a Comment