Monday, March 21, 2016

ലൈറ്റ് തീഫ്2010ലെ ഐ എഫ് എഫ് കെ യിലാണ് കിര്‍ഗിസ്ഥാനില്‍ നിന്നുള്ള ലൈറ്റ് തീഫ് അഥവാ സ്വെറ്റ് എക് എന്ന സിനിമ കാണുന്നത്. വീണ്ടും ലൈറ്റ് തീഫ് കണ്ടു. സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന കിര്‍ഗിസ്ഥാനിലെ ഒരു ഗ്രാമം. സോവിയറ്റ് യൂണിയന്‍റെ പതനത്തിന് ശേഷം തൊഴിലില്ലായ്മ രൂക്ഷമാവുകയും അരക്ഷിതാവസ്ഥയിലേക്ക് എത്തുകയും ചെയ്ത പുതിയ റിപ്പബ്ലിക്കുകളില്‍ ഒന്നാണ് കിര്‍ഗിസ്ഥാന്‍. കിര്‍ഗിസ്ഥാനില്‍ ബഹുഭൂരിപക്ഷത്തിനും വൈദ്യുതി കിട്ടാക്കനിയായ ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് കഥ. ഗ്രാമത്തിലെ യുവാക്കളില്‍ ഭൂരിപക്ഷവും  തൊഴില്‍ തേടി റഷ്യയിലേക്കും കസാഖിസ്ഥാനിലേക്കും കുടിയേറിയിട്ടുണ്ട്. കേന്ദ്ര കഥാപാത്രമായ സ്വെറ്റ് എക് ഗ്രാമത്തിലെ ഇലക്‌ട്രീഷ്യനും ലൈന്‍മാനുമൊക്കെയാണ്. അതിനപ്പുറം ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒരാളാണ് സ്വെറ്റ് എക്. വെളിച്ചം നിഷേധിക്കപ്പെടുന്നവര്‍ക്ക് അത് മോഷ്ടിച്ചു നല്‍കുന്ന കള്ളന്‍കൂടിയാണ് അയാള്‍. ദൈവങ്ങളുടെ രഹസ്യം മനുഷ്യന് ചോര്‍ത്തി കൊടുത്ത, സ്വര്‍ഗത്തില്‍ നിന്നും അഗ്നി വീണ്ടെടുത്ത പ്രോമിത്യുസിനെ പോലെ.

ഗ്രാമത്തിലെ 'വികസന' സാധ്യതകള്‍ മനസിലാക്കിയാണ് രാഷ്ട്രീയ, അധികാര കേന്ദ്രങ്ങളില്‍ ശക്തമായ സ്വാധീനമുള്ള ബാസ്കാറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍. അയാളുടെ കയ്യേറ്റ താല്‍പര്യങ്ങളെ കുറിച്ചു ബോധ്യമുള്ള, എന്നാല്‍ നിസഹായരായ മേയര്‍ എസേനും മറ്റു അധികൃതരും അവിടെയുണ്ട്. വലിയ വില കൊടുത്ത് വൈദ്യുതി വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ മീറ്ററുകളില്‍ കൃത്രിമം കാണിക്കുന്നത് പോലുള്ള ചെറിയ ക്രമക്കേടുകള്‍ കാണിക്കുന്നയാളാണ് സ്വെറ്റ് എക്. ഇത് അധികൃതരുടെ ഭാഗത്ത് നിന്നും പലപ്പോഴും നടപടികള്‍ ക്ഷണിച്ചു വരുത്തുന്നു. ഇങ്ങനെയാണെങ്കിലും മേയര്‍ എസെന് സ്വെറ്റ് എകിന്‍റെ ഉദ്ദേശ ശുദ്ധിയെകുറിച്ച് ബോധ്യമുണ്ട്. ഗ്രാമത്തിന്‍റെ വികസന പ്രശ്നങ്ങളെ കുറിച്ചും അത് മുതലെടുത്ത്‌ റിയല്‍ എസ്റ്റേറ്റ്, അഴിമതി താല്‍പര്യങ്ങളുമായി എത്തുന്ന രാഷ്ട്രീയ സ്വാധീനമുള്ളവരെക്കുറിച്ചും ബോധ്യമുണ്ട്. ഗ്രാമത്തിന്‍റെ സാമൂഹ്യ ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകങ്ങളില്‍ ഒന്നാണ് സ്വെറ്റ് എക്. വൈദ്യുതി വില താങ്ങാന്‍ കഴിയാത്ത വളരെ പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്ക് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കുകയാണ് സ്വെറ്റ് എകിന്‍റെ ലക്‌ഷ്യം.  അങ്ങനെ ഗ്രാമത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കുക. എന്നാല്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിന്‍റെ പേരില്‍ ഒരു വന്‍കിട ചൈനീസ് കമ്പനിക്ക് ഭൂമി തീറെഴുതാന്‍ ശ്രമിക്കുന്ന വലിയ അഴിമതിക്കാരനായ ബെസ്കാറ്റിനുള്ളത് അയാളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ മാത്രമാണ്. മേയര്‍ എസെനിന്‍റെ മരണം എതിര്‍പ്പുകളുടെ ശക്തി കുറയ്ക്കുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നു. സ്വെറ്റ് എകിന്‍റെ സുഹൃത്തായ മന്‍സൂറിനെ പുതിയ മേയറായി നിര്‍ദ്ദേശിക്കുന്നതിലൂടെ തന്‍റെ കച്ചവട, അഴിമതി താല്പര്യങ്ങള്‍ എളുപ്പമാകുമെന്ന്‍ അയാള്‍ കരുതുന്നു.  സ്വെറ്റ് എകിനെ തങ്ങളുടെ അഴിമതി താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്താന്‍ ബാസ്കാറ്റ് ശ്രമിക്കുന്നുണ്ടെങ്കിലും സ്വെറ്റ് എക് വഴങ്ങുന്നില്ല. ഭൂമിയെയും മനുഷ്യരെയും വില്‍പ്പന വസ്തുക്കളായി കാണുന്ന കാഴ്ച അയാള്‍ക്കില്ല.

കോര്‍പ്പറേറ്റ്, വികസന മാഫിയകളുടെ അധിനിവേശം കുതിരയോട്ടത്തിന്‍റെ രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു. സംഭാഷണങ്ങള്‍ കൊണ്ടുള്ള അമിത വിശദീകരണമല്ല, മറിച്ച് ദൃശ്യങ്ങളാണ് ഒരു നല്ല സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നതെന്നും അതിന് സഹായകമായ പശ്ചാത്തല സംഗീതവും ശബ്ദലേഖനവുമാണ് സിനിമയുടെ ആവശ്യമെന്നും ലൈറ്റ് തീഫ് വ്യക്തമാക്കുന്നു. ബാസ്കാറ്റിന്‍റെ വികസന മാഫിയ ഉയര്‍ത്തുന്ന ഭീഷണികള്‍ക്കിടയിലും സ്വെറ്റ് എകിന്‍റെ ചെറു കാറ്റാടി ഒരു വൈദ്യുത ബള്‍ബ് കത്തിക്കുന്നുണ്ട്. അതിജീവനത്തിന്‍റെ, പുതിയ പോരാട്ടങ്ങളുടെ സൈക്കിള്‍ ചവിട്ടി സ്വെറ്റ് എക് മുന്നോട്ട് പോവുകയാണ്. സംവിധായകന്‍ അക്ടന്‍ അരിം കുബാത് തന്നെയാണ് കേന്ദ്ര കഥാപാത്രമായ സ്വെറ്റ് എക് എന്ന ലൈറ്റ് തീഫാകുന്നത്.....

No comments:

Post a Comment