Monday, March 21, 2016

കനസെമമ്പാ കുദുരയാനേരി (Riding the stallion of Dreams) (2010)




ശവക്കുഴി വെട്ടല്‍ തൊഴിലാക്കിയ ഇരിയ, കര്‍ഷക തൊഴിലാളിയായ ഭാര്യ രുദ്രി....ഇവരുടെ സ്വപ്നങ്ങളുമായി ബന്ധപ്പെട്ടാണ് ഗിരീഷ്‌ കാസറവള്ളിയുടെ 'കനസെമ്പാ കുദുരെയാനേരി' അഥവാ 'സ്വപ്നങ്ങളുടെ കുതിര സവാരി' വികസിക്കുന്നത്. ഇരിയയുടെ വരുമാന മാര്‍ഗം ശവക്കുഴി വെട്ടലാണ്. അത് അയാളുടെ പരമ്പരാഗത തൊഴിലാണ്. മറ്റൊരു ജോലിയും ചെയ്യാന്‍ അയാള്‍ തയ്യാറല്ല. കുറച്ചു കാലമായി ഗ്രാമത്തില്‍ മരണങ്ങള്‍ ഉണ്ടായിട്ടില്ലാത്തത് കൊണ്ട് ഇരിയയുടെ  വരുമാന മാര്‍ഗം അടഞ്ഞിരിക്കുകയാണ്. പണം ഇരന്നു വാങ്ങേണ്ട ഗതികേടിലാണ് അയാള്‍. മരണമാണ് അയാളുടെ അതിജീവനം സാധ്യമാക്കുന്നത്. പൂ കൃഷി നടത്തുന്ന ബസനപ്പ എന്ന കര്‍ഷകന്‍റെ വയലിലാണ് രുദ്രി പണിയെടുക്കുന്നത്. ജാതി, വര്‍ഗ ബന്ധങ്ങളുടെ ഏതു മാനദണ്ഡമെടുത്താലും ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരാണ് ഇരിയയും രുദ്രിയും.

താന്‍ കാണുന്ന സ്വപ്നങ്ങളുടെ സംഭവ്യതയില്‍ ഇരിയ ഉറച്ചു വിശ്വസിക്കുന്നു. കുല ദൈവമായ സിദ്ധ ഗുരു, സ്വപ്നത്തില്‍ വന്നു പറയുന്ന കാര്യങ്ങളാണ് അയാള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍. അതാണ്‌ അയാളുടെ അതീജീവനം സംബന്ധിച്ച പ്രതീക്ഷകളെ നിലനിര്‍ത്തുന്നത്. ഒരു കാലത്ത് പ്രതാപിയായ ജന്മിയായിരുന്ന വലിയ ഗൗഡ മരണാസന്നനായി കിടക്കുകയാണ്. മക്കളുടെ അഭാവത്തില്‍ കാര്യസ്ഥന്‍ മതടയ്യയാണ് അയാളെ പരിചരിക്കുന്നത്. അതുകൊണ്ട് അതിന്‍റെതായ അധികാരവും മതടയ്യക്കുണ്ട്. ഗൗഡയുടെ മകന്‍ ശിവണ്ണയും കുടുംബവും എത്തിയിട്ടുണ്ട്. അച്ഛനെ കാണാനെന്നതിലുപരി സ്ഥലം വില്‍ക്കാനാണ് അയാളെത്തുന്നത്. ഇതിനിടെ വലിയ ഗൗഡ മരിച്ചതായി ഇരിയയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്ന സിദ്ധന്‍ അറിയിക്കുന്നു. ഇത് ഇരിയയെ സന്തോഷിപ്പിക്കുന്നു. എന്നാല്‍ കുഴികുത്താനുള്ള ആയുധങ്ങളുമായി ഗൗഡയുടെ വീട്ടിലെത്തുന്ന ഇരിയക്ക് നിരാശപ്പെടേണ്ടി വരുന്നു. ഗൗഡ സുഖമായിരിക്കുന്നു എന്നാണ് മതടയ്യ, ഇരിയയെ അറിയിക്കുന്നത്. സ്വപ്നം ഫലിക്കാത്തതിലും സിദ്ധന്‍ വരാത്തതിലും ഇരിയ നിരാശനാണ്. ഗൗഡ മരിക്കുന്നു....

അതെ സമയം ശിവണ്ണക്ക് സ്ഥലത്തിന്‍റെ വില്‍പ്പനയും രജിസ്ട്രെഷനും ഉടന്‍ നടത്തേണ്ടത് കൊണ്ട് മരണ വാര്‍ത്ത പുറത്ത് വിടുന്നതും സംസ്കാരവും വൈകുന്നേരത്തേക്ക് മാറ്റി വക്കുന്നു. എന്നാല്‍ പിറ്റേ ദിവസം മാത്രമാണ് അയാള്‍ക്ക് തിരിച്ചെത്താന്‍ കഴിയുന്നത്. അപ്പോഴേക്ക് വലിയ ഗൗഡയുടെ മൃത ശരീരം അഴുകാനും ചീഞ്ഞു നാറാനും തുടങ്ങുന്നു. മൃതദേഹം ആചാര പ്രകാരം സംസ്കരിക്കുന്നത് സ്ഥല വില്‍പ്പനയുമായി ബന്ധപ്പെട്ട് നീട്ടി വച്ചതായി അറിഞ്ഞാല്‍ നാട്ടുകാര്‍ക്കിടയില്‍ തങ്ങള്‍ക്ക് വലിയ അവമതിപ്പുണ്ടാകുമെന്ന് മതടയ്യ ഭയപ്പെടുന്നു. ഇതിനാല്‍ ഗൗഡ എപ്പോഴാണ് മരിച്ചതെന്ന്‍ മറച്ചു വക്കുന്നു. പിന്നീട് ഗൗഡയുടെ മരണം പുറത്തറിയിച്ച ശേഷം ശവക്കുഴി വെട്ടുന്നതിനായി ഇരിയയെ ബലം പ്രയോഗിച്ച് കൊണ്ടു വരുന്നു. എന്നാല്‍ ഗൗഡയുടെ മരണം സംബന്ധിച്ച  സത്യം വിളിച്ചു പറഞ്ഞ അയാളെ അവിടെ നിന്ന് ആട്ടിയോടിക്കുന്നു. ഗൗഡയുടെ വിലാപയാത്രയിലും ഇരിയ ചെന്ന് കയറുന്നുണ്ട്. ഗൗഡയുടെ മരണം സംബന്ധിച്ച് ആളുകളുമായി സംസാരിക്കുന്ന അയാളെ ശിവണ്ണയുടെയും മതടയ്യയുടെയും നിര്‍ദ്ദേശപ്രകാരം ജോലിക്കാര്‍ ആട്ടിയകറ്റുകയും വീണ്ടും കയറി വന്നപ്പോള്‍ തല്ലി കാലൊടിക്കുകയും ചെയ്യുന്നു. പിന്മാറാതെ മരണം സംബന്ധിച്ച സത്യം ഉറക്കെ വിളിച്ചു പറയാന്‍ ശ്രമിച്ച അയാളെ കുഴിയിലേക്ക് തള്ളിയിടുന്നു.

വീണ് പരുക്കേല്‍ക്കുകയും കാലൊടിയുകയും  ചെയ്യുന്ന ഇരിയയെ കാണാന്‍ ബസനപ്പയും കച്ചവടക്കാരനായ ബുടണ്ണയും  വരുന്നു. സിദ്ധന്‍ യഥാര്‍ത്ഥത്തില്‍ വന്നതായും ഇരിയയുടെ സ്വപനം ഫലിച്ചിരുന്നതായും അവര്‍ പറയുന്നു. സിദ്ധനെ വഴി തിരിച്ചു വിട്ടത് താനാണെന്നും ഇരിയയെ മാറ്റിയെടുക്കാം എന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും പറഞ്ഞ ബസനപ്പയുടെ മുഖത്തേക്ക് വെള്ളമൊഴിച്ച് ഇരിയ വടി കുത്തി ഇറങ്ങിപ്പോവുകയാണ്. ഇതിനു ശേഷം പുറത്ത് വീണു കിടക്കുന്ന ഇരിയയെയാണ് രുദ്രി  കാണുന്നത്. ഇങ്ങനെയുള്ള സമയത്താണ് രാത്രി വളരെ വൈകി സിദ്ധന്‍ വീട്ടിലെത്തുന്നത്. തന്നെ അവഗണിക്കുന്ന ഇരിയയുടെയും രുദ്രിയുടെയും പെരുമാറ്റത്തില്‍ സിദ്ധ ഗുരു അസംതൃപ്തനാണ്. കോപത്തോടെ സിദ്ധന്‍ പറയുന്നു: ഞാന്‍ വന്നത് കണ്ടിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കാതെ അവഗണിക്കുന്നു....ഇതിന്‍റെ ശാപം നിങ്ങള്‍ അനുഭവിക്കേണ്ടി വരും....കുടിക്കാന്‍ വെള്ളം കൊണ്ട് വരാന്‍ സിദ്ധന്‍ രുദ്രിയോദ് ആജ്ഞാപിക്കുന്നു. പരുക്കേറ്റ് കിടക്കുന്ന ഇരിയ തന്‍റെ വരവ് അവഗണിച്ച് ഉറങ്ങുകയാണെന്നാണ് സിദ്ധന്‍റെ ധാരണ. അയാളെ വിളിച്ചുണര്‍ത്താനും സിദ്ധന്‍ ആജ്ഞാപിക്കുന്നു. എന്നാല്‍ വെള്ളം അയാളുടെ മുഖത്തേക്കൊഴിച്ചാണ് രുദ്രി പ്രതികരിക്കുന്നത്. നിങ്ങളില്‍ വിശാസമര്‍പ്പിച്ച ഇരിയക്ക് സംഭവിച്ചതെന്താണെന്ന് നോക്ക്. അപ്പോഴാണ്‌ സിദ്ധന്‍ ഇരിയയെ ശ്രദ്ധിക്കുന്നത്. സിദ്ധന്‍ രുദ്രിയോദ് ക്ഷമ ചോദിക്കുന്നു. അതെ സമയം രുദ്രിയുടെ രോഷം അടങ്ങുന്നില്ല. തങ്ങളോട് ചെയ്ത അനീതിയെക്കുറിച്ച് നാട്ടുകാരോട് വിളിച്ചു പറയാന്‍ സിദ്ധനോട് രുദ്രി ആവശ്യപ്പെടുന്നു. സിദ്ധനെ ഇറക്കി വിടുന്നു. തങ്ങളെ സംരക്ഷിക്കാന്‍ കഴിവില്ലാത്ത, തങ്ങളുടെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന  കുല ദൈവം സിദ്ധനെ മാറ്റി നിര്‍ത്താന്‍ ഇരിയക്കും രുദ്രിക്കും അവസാനം കഴിയുന്നുണ്ട്. വിപ്ലവകരമായ മാറ്റം തന്നെയാണിത്. രുദ്രിയുടെ മറ്റൊരു സ്വപ്നമായിട്ടാണ് സിദ്ധന്‍റെ ഈ വരവും കാണിച്ചിരിക്കുന്നത്.

പിന്നീട് തരിശു ഭൂമിയില്‍ കിളയ്ക്കുകയും വെള്ളം കോരി ഒഴിക്കുകയും ചെയ്യുന്ന ഇരിയയെയും രുദ്രിയെയുമാണ് കാണുന്നത്. ഇത്തവണ പതിവില്ലാത്ത സമയത്ത്, പകല്‍ വെളിച്ചത്തില്‍ സിദ്ധന്‍ പ്രത്യക്ഷപ്പെടുന്നു. തന്നെ വീട്ടിലേക്ക് കൊണ്ടു പോകാന്‍ സിദ്ധന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇരിയ അത് കാര്യമാക്കുന്നില്ല. ആദ്യം എന്‍റെ പണി കഴിയട്ടെ, അത് വരെ ആ കല്ലിന്‍റെ പുറത്ത് കയറിയിരിക്ക് എന്ന് ഇരിയ. ദൈവമായ സിദ്ധന് വഴങ്ങുകയല്ലാതെ വേറെ വഴിയില്ല. കൃഷി ചെയ്യേണ്ടത് ഇങ്ങനെയല്ലെന്നും എങ്ങനെയാണെന്ന് താന്‍ കാണിച്ചു തരാമെന്നും പറയുന്ന സിദ്ധന്‍ ഒരു കയറിന്‍റെ അറ്റം ഇരിയയുടെയും രുദ്രിയുടെയും കയ്യില്‍ കൊടുക്കുന്നു. മറ്റേ അറ്റം പിടിച്ചിരിക്കുന്ന സിദ്ധന്‍ വലിയ ചുറ്റുള്ളതും കെട്ടു പിണഞ്ഞു കിടക്കുന്നതുമായ കയര്‍ അഴിക്കാനും നീട്ടിക്കൊണ്ടുപോകാനും ശ്രമിച്ചു കൊണ്ട് പുറകിലേക്ക്, വിദൂരതയിലേക്ക് നടന്നു മറയുന്നതോടെ ചിത്രം പൂര്‍ത്തിയാകുന്നു.

സാമൂഹ്യബന്ധങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കും പുരോഗതിക്കും തടസമാകുന്ന വര്‍ഗത്തെയും ജാതിയെയും അന്ധവിശ്വാസങ്ങളെയും കൂട്ടിക്കെട്ടിയ കയര്‍ തന്നെയാണ് സിദ്ധന്‍ അഴിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. സംഭവങ്ങളുടെ ക്രമാനുഗതമായ തുടര്‍ച്ചയല്ല, പലപ്പോഴും ചിത്രം പിന്തുടരുന്നത്. രംഗങ്ങളുടെ ആവര്‍ത്തനത്തിലൂടെയുള്ള മനോഹരമായ ചില കബളിപ്പിക്കലുകള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇരിയയുടെ സ്വപ്നം യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരുന്നു. എന്നാല്‍ ഇരിയയെ മതടയ്യ പണം നല്‍കി മടക്കി  അയക്കുന്ന ആദ്യ രംഗത്തില്‍ ഇത് വ്യക്തമാക്കുന്നില്ല. പകരം ഇരിയയുടെ സ്വപ്നം ഫലിച്ചില്ലെന്ന്‍ പ്രേക്ഷകനെ വിശ്വസിപ്പിക്കാന്‍ ആ ഘട്ടത്തില്‍ സംവിധായകന് കഴിയുന്നുണ്ട്. അതേ സമയം സിദ്ധനിലും തന്‍റെ സ്വപ്നത്തിന്‍റെ ഫലപ്രാപ്തിയിലും ഉറച്ചു വിശ്വസിക്കുന്ന ഇരിയ കുഴി വെട്ടുകയാണ്. മദ്യലഹരിയില്‍ കുഴി വെട്ടിയ ശേഷം മതടയ്യയുമായി ഇരിയ സംസാരിക്കുമ്പോള്‍ മതടയ്യയുടെയും മുകളില്‍ നിന്ന് അത് കേള്‍ക്കുന്ന ശിവണ്ണയുടെ ഭാര്യ ഹേമയുടെയും നിസംഗ ഭാവത്തില്‍ ഇരിയയുടെ സ്വപ്നത്തിന്‍റെ സാക്ഷാത്കാരം സംശയിക്കാമെങ്കിലും മരണം സ്ഥിരീകരിക്കുന്ന രംഗം പിന്നീട് മാത്രം അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വപ്നത്തെ തുടര്‍ന്ന്‍ കുഴി വെട്ടാന്‍ ഗൗഡയുടെ വീട്ടിലെത്തുന്ന ഇരിയയുടെയും മടക്കി അയക്കുന്ന മതടയ്യയുടെയും രംഗം വ്യത്യസ്തമായ ആംഗിളില്‍ ആവര്‍ത്തിക്കുന്നുണ്ട്.

സ്വപ്നങ്ങളിലൂടെയും ഭ്രമ കല്‍പ്പനകളിലൂടെയും വികസിക്കുന്ന കനസെമ്പാ കുദുരെയാനേരി, സമൂഹത്തിലെ ജാതി - വര്‍ഗ ഘടനകളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട്. ചുടല ദൈവമായ സിദ്ധനെ സവര്‍ണ ജാതിക്കാരും പരിഗണിക്കുന്നുണ്ട്. സിദ്ധന്‍റെ പോക്ക് വരവുകള്‍ വിവിധ ജാതിയിലും സാമ്പത്തിക നിലവാരത്തിലുമുള്ള മനുഷ്യര്‍ക്ക് താല്‍പര്യമുള്ള കാര്യമാണ്. സിദ്ധന്‍റെ വരവ് മരണപ്പെട്ടയാള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള പ്രവേശനം സാധ്യമാക്കുമെന്നാണ് വിശ്വാസം. കാര്യസ്ഥന്‍ മതടയ്യ അടക്കമുള്ളവര്‍ ഇരിയക്കും രുദ്രിക്കും സിദ്ധന്‍റെ പേരില്‍ പണം നല്‍കാനും മടി കാണിക്കുന്നില്ല. അതേ സമയം ഗൗഡയുടെ മരണ സമയം മറച്ചു വച്ച് ഫ്യൂഡല്‍ അന്തസും കുലമഹിമയും കാത്തുസൂക്ഷിക്കാനും സിദ്ധന്‍റെ വരവുമായി ബന്ധപ്പെട്ട വിശ്വാസത്തെ മതടയ്യ ഉപയോഗിക്കുന്നു.

സ്വപ്നത്തിലൂടെ സിദ്ധന്‍റെ ദര്‍ശനം ലഭിക്കുന്നവരെന്ന പരിഗണന ഇരിയക്കും രുദ്രിക്കും കിട്ടുന്നുണ്ട്. അതേ സമയം അന്ധവിശ്വാസങ്ങളെ പ്രായോഗികമായി ഉപയോഗപ്പെടുത്താന്‍ ഇരിയയേക്കാള്‍ രുദ്രിക്കാണ് സാധിക്കുന്നത്. ഗ്രാമീണ ജനതയുടെ അതിജീവന സമരത്തില്‍ സ്ത്രീകളുടെ അധ്വാനവും പ്രായോഗിക ബുദ്ധിയും വഹിക്കുന്ന പങ്കും എടുത്തു കാണിക്കുന്നു. ആദ്യ രംഗം മുതലുള്ള രുദ്രിയുടെ അവതരണങ്ങളില്‍ ഇത് എടുത്തു കാണിക്കുന്നു. ദ്വീപ അടക്കമുള്ള മറ്റു ഗിരീഷ്‌ കാസറവള്ളി ചിത്രങ്ങളിലും പുരുഷന്‍ നിസംഗനും പരാജിതനുമാകുന്ന ഇടങ്ങളില്‍ തികഞ്ഞ പ്രായോഗിക ബുദ്ധിയോടെ ഇടപെടുകയും മുന്നോട്ടുള്ള വഴികള്‍ തുറക്കുകയും ചെയ്യുന്ന സ്ത്രീകളെ കാണാം.  കന്നഡ സമൂഹത്തിലെ വര്‍ഗ - ജാതി ബന്ധങ്ങളും ഘടനയും അവക്കിടയില്‍ അന്ധ വിശ്വാസങ്ങള്‍ സമര്‍ത്ഥമായും പ്രായോഗികമായും ഉപയോഗിക്കപ്പെടുന്നതുമെല്ലാം ചിത്രം പറഞ്ഞു വക്കുന്നു.

ഗിരീഷ്‌ കാസറവള്ളിയുടെ തിരക്കഥക്ക് 2010ല്‍ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. മികച്ച കന്നഡ ചിത്രമായും ദേശീയ പുരസ്കാര ജൂറി കനസെമ്പാ കുദുരെയാനേരിയെ തെരഞ്ഞെടുത്തു. ഒരു സിനിമയെ ജീവസുറ്റ അനുഭവമാക്കുന്നതില്‍ പങ്കു വഹിക്കുന്ന ഘടകങ്ങളില്‍ ഒന്നായ പെര്‍ഫക്റ്റ് കാസ്റ്റിംഗ് ആണ് ചിത്രത്തിലേത്.  വി. മനോഹറിന്‍റെ പശ്ചാത്തല സംഗീതം ചിത്രത്തിന്‍റെ മിഴിവ് കൂട്ടുന്നു. ഇരിയക്ക് വൈജാനാഥ് ബിരാദര്‍ ജീവന്‍ നല്‍കുമ്പോള്‍ ഗിരീഷ്‌ കാസറവള്ളിയുടെ തന്നെ ഗുലാബി ടാക്കീസിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ഉമാശ്രീയാണ് രുദ്രിയാകുന്നത്. ഇരുവരും മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നത്.

No comments:

Post a Comment